Home Featured കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശനം: വിവാദ നടപടി തിരുത്താതെ കര്‍ണാടക മുഖ്യമന്ത്രി

കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശനം: വിവാദ നടപടി തിരുത്താതെ കര്‍ണാടക മുഖ്യമന്ത്രി

മംഗ്‌ളുറു: ദക്ഷിണ കന്നഡ ജില്ലയില്‍ കൊല്ലപ്പെട്ട മൂന്ന് യുവാക്കളില്‍ ഒരാളുടെ കുടുംബത്തെ മാത്രം സന്ദര്‍ശിച്ച പിഴവ് തിരുത്തുമെന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രഖ്യാപനം രണ്ടാഴ്ചയായിട്ടും നടപ്പായില്ല.യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടരുവിന്റെ വീട് സന്ദര്‍ശിച്ച്‌ സര്‍കാര്‍ സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രി കൈമാറിയിരുന്നു.

എന്നാല്‍ കൊല്ലപ്പെട്ട ബി മസ്‌ഊദ്, മുഹമ്മദ് ഫാസില്‍ എന്നിവരുടെ കുടുംബത്തെ അവഗണിച്ചു.ഈ നടപടി വിവാദമായതിനെത്തുടര്‍ന്ന് അടുത്ത ദിവസം രണ്ട് യുവാക്കളുടെയും കുടുംബങ്ങളെക്കൂടി സന്ദര്‍ശിക്കുമെന്ന് ഈ മാസം ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് ഭട്കലില്‍ മണ്ണിടിഞ്ഞ് നാലുപേര്‍ മരിച്ച വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ വേളയിലും മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല.

മുന്‍ മുഖ്യമന്ത്രി എച് ഡി കുമാര സ്വാമിയും ജെഡിഎസ് സംസ്ഥാന പ്രസിഡണ്ട് സിഎം ഇബ്രാഹീമും മൂന്ന് യുവാക്കളുടേയും വീടുകള്‍ സന്ദര്‍ശിച്ച്‌ അഞ്ചു ലക്ഷം രൂപ വീതം കൈമാറിയിരുന്നു.കഴിഞ്ഞ മാസം 19ന് എട്ടംഗ സംഘ്പരിവാര്‍ സംഘത്തിന്റെ അക്രമത്തില്‍ പരുക്കേറ്റ മസ്‌ഊദ് (18) 21നാണ് മരിച്ചത്. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ യുവാവ് സുള്ള്യ കറഞ്ചയില്‍ ബന്ധുവിന്റെ വീട്ടില്‍ താമസിച്ച്‌ പെയിന്റിംഗ് ജോലി ചെയ്ത് ജീവിക്കുകയായിരുന്നു.

ബെല്ലാരെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഈ കൊലക്ക് പിറകെ അതേ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ മാസം 26ന് രാത്രിയാണ് പ്രവീണ്‍ വധമുണ്ടായത്. സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടിപ്പള്ള മംഗളപേട്ടയില്‍ മുഹമ്മദ് ഫാസില്‍ (23) കഴിഞ്ഞ മാസം 28ന് മുഖ്യമന്ത്രി ദക്ഷിണ കന്നഡ ജില്ലയില്‍ ക്യാംപ് ചെയ്ത വേളയിലാണ് കൊല്ലപ്പെട്ടത്.

പിരിവെടുത്ത് 30 ലക്ഷം രൂപ വീതം നല്‍കി മുസ്ലിം സെന്‍ട്രല്‍ കമിറ്റി സംസ്ഥാന സര്‍കാര്‍ കൈവിട്ട ബി മസ്‌ഊദ്, മുഹമ്മദ് ഫാസില്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മംഗ്‌ളുറു മുസ്ലിം സെന്‍ട്രല്‍ കമിറ്റി 30 ലക്ഷം രൂപ വീതം കൈമാറി. അംഗങ്ങളില്‍ നിന്ന് ശേഖരിച്ച പണമാണിത്.പ്രസിഡണ്ട് കെ എസ് മുഹമ്മദ് മസ്‌ഊദ്, വൈസ് പ്രസിഡണ്ട് ബി എം മുംതാസ് അലി എന്നിവരുടെ നേതൃത്വത്തിലാണ് തുകയുടെ ചെക് വീടുകളില്‍ എത്തിച്ചത്.

കമിറ്റി നല്‍കിയ പണം കൊല്ലപ്പെട്ട മുഹമ്മദ് ഫാസിലിന്റെ പേരില്‍ ട്രസ്റ്റ് രൂപവത്കരിച്ച്‌ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് പിതാവ് ഉമര്‍ ഫാറൂഖ് അറിയിച്ചു. പ്രവീണ്‍ നെട്ടരുവിന്റെ കുടുംബത്തിന് നല്‍കാന്‍ 10 ലക്ഷം രൂപ നീക്കിവെച്ചു. കമിറ്റി ഭാരവാഹികള്‍ക്ക് ആ വീട് സന്ദര്‍ശിക്കാന്‍ അനുകൂല സാഹചര്യം ഒരുങ്ങിയാല്‍ കൈമാറുമെന്ന് പ്രസിഡണ്ട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group