ബെംഗളൂരു : കർണാടകത്തിലെകോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനമികവ് രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് രാഹുൽഗാന്ധി എം.പി. വീട്ടമ്മമാർക്ക് മാസംതോറും രണ്ടായിരം രൂപ സാമ്പത്തികസഹായമായി നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കംകുറിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.1.08 കോടി വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിനാണ് തുടക്കമായത്. സാമ്പത്തിക സഹായമായി ജനങ്ങൾക്ക് പണം കൈമാറുന്ന രാജ്യത്തെ ഏറ്റവുംവലിയ പദ്ധതിയാണിതെന്ന് രാഹുൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വാഗ്ദാനപദ്ധതിയാണിത്. അഞ്ചിന വാഗ്ദാനപദ്ധതികളിൽ നാലും ഇതോടെ യാഥാർഥ്യമായി.ഒരിക്കലും വ്യാജവാഗ്ദാനങ്ങൾ നൽകില്ല. കോൺഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങൾ വെറുംപദ്ധതികളായിരുന്നില്ല.
ഭരണമാതൃകകളാണെന്ന് രാഹുൽഗാന്ധി പറഞ്ഞു.കേന്ദ്രസർക്കാർ ഏതാനും കോടീശ്വരന്മാർക്കായി മാത്രമാണ് പ്രവർത്തിക്കുന്നത്. സർക്കാർ പാവപ്പെട്ടവരുടെ ക്ഷേമത്തിന് പ്രവർത്തിക്കണമെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.മൈസൂരുവിലെ മഹാരാജാസ് കോളേജ് മൈതാനത്ത് നൂറുകണക്കിന് വനിതകൾ അണിനിരന്ന സമ്മേളനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്തു. ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറുന്നതിന് രാഹുൽഗാന്ധി തുടക്കംകുറിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൾക്കർ, മഹാദേവപ്പ്, എം.പി.മാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, ചീഫ് സെക്രട്ടറി വന്ദിത ശർമ തുടങ്ങിയവർ പങ്കെടുത്തു.എ.പി.എൽ.-ബി.പി.എൽ. വ്യത്യാസമില്ലാതെ റേഷൻ കാർഡിൽ ഗൃഹനാഥയായ വനിതകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഗൃഹനാഥയോ ഭർത്താവോ ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവരാകണം.