Home Featured ബെളഗാവി അതിര്‍ത്തി തര്‍ക്കം; മുഖ്യമന്ത്രിതല ചര്‍ച്ച വിളിച്ച്‌ അമിത് ഷാ

ബെളഗാവി അതിര്‍ത്തി തര്‍ക്കം; മുഖ്യമന്ത്രിതല ചര്‍ച്ച വിളിച്ച്‌ അമിത് ഷാ

ബംഗളൂരു: ബെളഗാവി ജില്ലയുടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നു.അടുത്തയാഴ്ച ചര്‍ച്ച നടന്നേക്കും. വിഷയത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട് സംബന്ധിച്ചും തര്‍ക്കത്തിലെ വസ്തുതകള്‍ സംബന്ധിച്ചും അമിത് ഷാക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

ഈ ചര്‍ച്ചക്ക് ശേഷം എല്ലാ രാഷ്ട്രീയകക്ഷികളുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച അമിത് ഷായെ മഹാരാഷ്ട്ര പ്രതിപക്ഷ സഖ്യമായ മഹാരാഷ്ട്ര വികാസ് അഗാഡി സന്ദര്‍ശിച്ച്‌ അതിര്‍ത്തി പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു ബൊമ്മൈയുടെ പ്രതികരണം.കര്‍ണാടക എം.പിമാരുടെ സംഘത്തോട് അമിത് ഷായെ കാണണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അദ്ദേഹവുമായി താനും സംസാരിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും വിളിക്കാമെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഡിസംബര്‍ 14നോ 15നോ ഇരുമുഖ്യമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച നടക്കുമെന്നും ബൊമ്മൈ പറഞ്ഞു.1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം ഉണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്തി സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ്.

ഇത് തങ്ങളുടെ അധീനതയിലാക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം. 1956ലെ സ്റ്റേറ്റ് റെക്കഗ്നിഷന്‍ നിയമം നടപ്പാക്കിയ ശേഷം കര്‍ണാടകയുമായുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു. തുടര്‍ന്നാണ് ഇരുസംസ്ഥാനങ്ങളും നാലംഗ സമിതി രൂപവത്കരിച്ചത്. തങ്ങളുടെ അധീനതയിലുള്ള കന്നട ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്ന് മഹാരാഷ്ട്ര പറയുന്നു.

എന്നാല്‍, ഇക്കാര്യം തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ്. ഇതോടെയാണ് ഇരുകൂട്ടരും പരമോന്നത കോടതിയെ സമീപിച്ചത്. കേസിപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ത്രകാന്ത് പാട്ടീലിന്‍റെയും ശംഭുരാജ് ദേശായിയുടെയും ബെളഗാവി സന്ദര്‍ശനം റദ്ദാക്കിയിരുന്നു. കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി മഹാരാഷ്ട്രക്ക് വിട്ടുകൊടുക്കില്ലെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വവുമായി താന്‍ സംസാരിച്ചെന്നും ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിര്‍ത്തി തര്‍ക്കം കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലേറടക്കം നടന്നു.

കര്‍ണാടകയുടെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ല – ബസവരാജ് ബൊമ്മൈ

ബംഗളൂരു: കര്‍ണാടകയുടെ ഒരിഞ്ച് ഭൂമിയും മഹാരാഷ്ട്രക്ക് വിട്ടുകൊടുക്കില്ലെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്ക വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്നും ബെളഗാവി ജില്ലയിലെ മറാത്തി ഗ്രാമങ്ങള്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഇതുസംബന്ധിച്ച ചോദ്യത്തിനാണ് കര്‍ണാടക മുഖ്യമന്ത്രി പ്രതികരിച്ചത്. വിഷയത്തില്‍ ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി. നഡ്ഡയോട് ഇതിനകം സംസാരിച്ചുകഴിഞ്ഞു. കര്‍ണാടകയുടെ ഒരു തുണ്ട് ഭൂമിപോലും അയല്‍സംസ്ഥാനത്ത് കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കില്ല. ഈ വിഷയത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും സന്നദ്ധമല്ലെന്നും ബൊമ്മൈ പറഞ്ഞു.

അമിത് ഷായുമായി കൂടിക്കാഴ്ചക്ക് നിലവില്‍ തീരുമാനിച്ചിട്ടില്ല.ജെ.പി. നഡ്ഡ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ വിളിച്ച്‌ വിഷയത്തില്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയില്‍ താമസിക്കുന്ന കന്നടിഗരുടെ ജീവനും സ്വത്തും സംരക്ഷിക്കാനായുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. മഹാരാഷ്ട്ര ഡി.ജി.പി, ചീഫ്സെക്രട്ടറി എന്നിവരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം കഴിഞ്ഞദിവസം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. സര്‍ക്കാര്‍ ബസുകള്‍ക്കുനേരെ കല്ലേറടക്കം ഉണ്ടായിരുന്നു. 1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതുമുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം ഉണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമങ്ങളാണ്.

ഇത് തങ്ങളുടെ അധീനതയില്‍ ആക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം.1956ലെ സ്റ്റേറ്റ് റെകഗ്നിഷന്‍ നിയമം നടപ്പാക്കിയതിനുശേഷം കര്‍ണാടകയുമായുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും നാലംഗ സമിതി രൂപവത്കരിച്ചു. തങ്ങളുടെ അധീനതയിലുള്ള കന്നട ഭാഷ സംസാരിക്കുന്നവര്‍ അധിവസിക്കുന്ന 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് നല്‍കാമെന്നും മഹാരാഷ്ട്ര പറയുന്നു.

എന്നാല്‍, ഇക്കാര്യങ്ങള്‍ തുടക്കം മുതല്‍ കര്‍ണാടക എതിര്‍ക്കുകയാണ്. ഇതോടെയാണ് ഇരുകൂട്ടരും പരമോന്നത കോടതിയെ സമീപിച്ചത്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ മഹാരാഷ്ട്ര മന്ത്രിമാരായ ചന്ത്രകാന്ത് പാട്ടീലിന്‍റെയും ശംഭുരാജ് ദേശായിയുടെയും ബെളഗാവി സന്ദര്‍ശനം കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group