ബെംഗളൂരു: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ തനിക്ക് തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.നിയമസഭ തിരഞ്ഞെടുപ്പിലേതെന്ന പോലെ ലോക്‌സഭയിലും തങ്ങള്‍ മികച്ച വിജയം നേടുമെന്നതില്‍ സംശയമില്ല. നിയമസഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമത്തെ പ്രശംസിച്ച സിദ്ധരാമയ്യ, അവരുടെ സംഭാവനകള്‍ ഹൈക്കമാൻഡ് അംഗീകരിച്ചിട്ടുണ്ടെന്നും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 28ല്‍ 20 സീറ്റും കോണ്‍ഗ്രസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
തിങ്കളാഴ്ച കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി. “ഞാൻ എന്റെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്, അതിശയോക്തി കൂടാതെയുമാണ് ഞാൻ പറയുന്നത്. 2024ല്‍ കേന്ദ്രത്തില്‍ ബിജെപി തോല്‍ക്കും. പ്രധാനമന്ത്രി മോദി പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ കൃത്യമായി പങ്കെടുക്കുന്നില്ല, പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നില്ല “, കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ ‘വിനാശകരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ‘അവികസനത്തിന്റെ രാഷ്ട്രീയം’ മുന്നോട്ട് വെക്കുന്ന അവര്‍ വര്‍ഗീയതയിലൂടെ ആളുകളെ വിഭജിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
“രാജ്യത്തെ ജനങ്ങള്‍ ശാന്തരും സന്തുഷ്ടരുമായാല്‍ ബിജെപിയുടെ സമാധാനം തകരും, അവരുടെ അസൂയയും വര്‍ദ്ധിക്കും. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപി കാലത്തെ എല്ലാ അഴിമതികളും അന്വേഷിക്കാൻ തുടങ്ങി. സത്യം ഉടന്‍ പുറത്ത് വരും” സിദ്ധരാമയ്യ പറഞ്ഞു.സാധാരണക്കാരുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് പണക്കാര്‍ക്ക് നല്‍കുന്ന നയങ്ങളാണ് ബിജെപി നടത്തിയതെങ്കില്‍ കോണ്‍ഗ്രസ് ജനങ്ങളുടെ പോക്കറ്റില്‍ പണമെത്തുന്ന തരത്തില്‍ ഗ്യാരന്റി പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്ന ബജറ്റാണ് ഞങ്ങള്‍ അവതരിപ്പിച്ചത്.
കര്‍ണാടക മാതൃകയിലുള്ള ഈ വികസനം പഠിക്കാനും സ്വീകരിക്കാനും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.അതേസമയം, 2024 ലെ തിരഞ്ഞെടുപ്പില്‍, കുറഞ്ഞത് 12-15 പുതുമുഖങ്ങളെയെങ്കിലും കോണ്‍ഗ്രസ് കൊണ്ടുവന്നേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട കെ എച്ച് മുനിയപ്പ (കോലാര്‍), മധു ബംഗാരപ്പ (ശിവമൊഗ), ഈശ്വര്‍ ഖന്ദ്രെ (ബിദര്‍), കൃഷ്ണ ബൈരെ ഗൗഡ (ബെംഗളൂരു നോര്‍ത്ത്) എന്നിവരെല്ലാം നിലവില്‍ എം എല്‍ എമാരും മന്ത്രിമാരുമാണ്. ഇവര്‍ക്കെല്ലാം പകരം നേതൃത്വത്തിന് പുതിയ ആളുകളെ കണ്ടെത്തേണ്ടി വരും.
ഹലാല്‍ മാംസം ഉപയോഗിക്കുന്നു; സ്റ്റാര്‍ബക്സിനെ ബഹിഷ്കരിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍
രാജ്യത്ത് നിന്നും സ്റ്റാര്‍ബക്സിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ സംഘടനകള്‍. മുംബൈ ആസ്ഥാനമായുള്ള ജനജാഗ്രതി സമിതിയാണ് സ്റ്റാര്‍ബക്സിനെതിരെ ബഹിഷ്ക്കരണാഹ്വാനവുമായി രംഗത്തെത്തിയത്.രാജ്യത്തെ എല്ലാ സ്റ്റാര്‍ബക്സ് കഫേകളിലും ഹലാല്‍ മാംസം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. സ്റ്റാര്‍ബക്സിലെ ഹലാല്‍ മാംസ ഉപയോഗം മറ്റ് മതസ്ഥരിലേക്കും ഹലാല്‍ സമ്ബ്രദായം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം.
മുംബൈയിലെ സ്റ്റാര്‍ബക്സില്‍ യുവതി കഫേ ജീവനക്കാരനോട് ഹലാല്‍ അല്ലാത്ത മാംസം ഉണ്ടോയെന്ന് ചോദിക്കുകയും, സ്റ്റാര്‍ബക്സില്‍ പാകം ചെയ്യുന്നവയെല്ലാം ഹലാല്‍ മാംസം ഉപയോഗിച്ചുള്ള വിഭവങ്ങളാണ് എന്ന ജീവനക്കാരന്‍റെ മറുപടിയും പുറത്തുവന്നതിന് പിന്നാലെയാണ് ബഹിഷ്കരണ വിവാദം രൂക്ഷമായത്. ഹിന്ദുക്കളെ ഹലാല്‍ ഭക്ഷണം കഴിക്കാൻ നിര്‍ബന്ധിതരാക്കുന്നത് എന്തിനാണെന്നും രാജ്യത്താകെയുള്ള സ്റ്റാര്‍ബക്സ് ഔട്ട്‍ലെറ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഭൂരിഭാഗവും ഹലാല്‍ സര്‍ട്ടിഫിക്കേഷന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ഹിന്ദുത്വ സംഘടന ട്വിറ്ററില്‍ കുറിച്ചു. ഇത് അനീതിയാണെന്നും ഭക്ഷണം കഴിക്കാനുള്ള അവകാശമാണ് ഇവര്‍ ഇല്ലാതാക്കുന്നതെന്നും കുറിപ്പിലുണ്ട്.
അതേസമയം വിഷയത്തില്‍ സ്റ്റാര്‍ബക്സ് പ്രതികരിച്ചിട്ടില്ല. അടുത്തിടെ ട്രെയിനില്‍ നിന്നും ലഭിച്ച ടീ ബാഗിലെ ഹലാല്‍ സര്‍ട്ടിഫിക്കേഷനെ ചോദ്യം ചെയ്യുന്ന യാത്രക്കാരന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാര്‍ബക്സിനെതിരേയും വിവാദം ഉയരുന്നത്