ബെംഗളൂരു: ദക്ഷണേന്ത്യയില്‍ ബി ജെ പി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക. അതുകൊണ്ട് തന്നെ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവിടെ അധികാരം നിലനിര്‍ത്തുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് അഭിമാനപോരാട്ടം കൂടിയാണ്.
എന്നാല്‍ ഇത്തവണ ബി ജെ പിക്ക് ഇവിടെ രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആശങ്ക. ഇടഞ്ഞ് നില്‍ക്കുന്ന മുന്‍ മുഖ്യന്‍ യെദ്യൂരപ്പയാണ് ബി ജെ പിക്ക് ഇവിടെ ഭീഷണി ഉയര്‍ത്തുന്നത്. വിശദമായി വായിക്കാം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് യെദ്യൂരപ്പയുടെ കീഴിലായിരുന്നു ബി ജെ പി പോരാടിയത്. അന്ന് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. അന്ന് 104 സീറ്റുകളായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. തുടര്‍ന്ന് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ യെഡ്ഡി സര്‍ക്കാര്‍ പരാജയപ്പെട്ടു, തുടര്‍ന്ന് അദ്ദേഹം രാജിവെച്ച് ഒഴിയുകയും ചെയ്തു.
പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലേറി. എന്നാല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു പിന്നീട് യെഡ്ഡിയും ക്യാമ്ബും. ഒടുക്കം 2019 ല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബി ജെ പി അധികാരം തിരിച്ച് പിടിച്ചു. സഖ്യത്തിനുള്ളിലെ അസ്വാരസ്യം മുതലെടുത്ത് 17 ഓളം എംഎല്‍എമാരെ ബി ജെ പിയില്‍ എത്തിച്ച് കൊണ്ടായിരുന്നു ഇത്.
യെദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു 2019 ലെ ഓപ്പറേഷന്‍ താമര ബിജെപിയൊരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ യെഡ്ഡിയുടെ നേതൃത്വത്തില്‍ തന്നെ ബി ജെ പി വീണ്ടും അധികാരത്തിലേറി.എന്നാല്‍ വൈകാതെ തന്നെ യെദ്യൂരപ്പയ്ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങി. മകന്‍ ബിവൈ വിജേന്ദ്രയെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയാക്കാനുള്ള യെഡ്ഡിയുടെ നീക്കങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്.
ദേശീയ നേതൃത്വത്തിന് മുന്നില്‍ പരാതിയെത്തിയതോടെ യെഡ്ഡിയെ മാറ്റാന്‍ തീരുമാനമായി. മറ്റൊരു ലിഗായത്ത നേതാവായ ബൊമ്മിയെ നേതൃത്വം മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് മുതല്‍ നേതൃത്വവുമായി അത്ര ചേര്‍ച്ചയില്‍ അല്ല യെദ്യൂരപ്പ.പലപ്പോഴായി യെഡ്ഡി തന്‍റെ അതൃപ്തികള്‍ പരസ്യമായി തന്നെ പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പാര്‍ട്ടിയുടെ സങ്കല്‍പ്പ് യാത്രയില്‍ നിന്നും യെദ്യൂരപ്പ വിട്ട് നിന്നിരുന്നു. കൊപ്പയില്‍ നടന്ന പരിപാടിയില്‍ യെഡ്ഡിയുടെ പേര് ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്. പിന്നീട് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തിയതോടെ അദ്ദേഹം പങ്കെടുത്തു. എന്നാല്‍ പിന്നീട് തുംകുരുവിലും കുനിഗലിലും നടന്ന പരിപാടികളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു.
ഡിസംബര്‍ 25 വരെ 52 നിയസഭ മണ്ഡലങ്ങള്‍ ജയസങ്കല്‍ യാത്ര പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നിരിക്കെയാണ് യെഡ്ഡിയുടെ ഈ വിട്ട് നില്‍ക്കല്‍.തന്നെ പാര്‍ട്ടി അവഗണിക്കുന്നില്ലെന്നും താന്‍ ബി ജെ പി നേതൃത്വത്തിനൊപ്പം തന്നെ ഉണ്ടെന്നും യെഡ്യൂരപ്പ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ അതിന് നേര്‍ വിപരീതമാണെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ യെഡ്ഡി ഇടഞ്ഞ് നില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ധാരണ ബി ജെ പി നേതൃത്വത്തിനുണ്ട്.
സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവ് യെദ്യൂരപ്പ. അദ്ദേഹത്തെ മാറ്റി നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ സമുദായാംഗങ്ങള്‍ നേരത്തേ തന്നെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സമുദായത്തിന്റെ അതൃപ്തികള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മറ്റൊരു ലിഗായത്ത് നേതാവായ ബസവരാജ് ബൊമ്മിയെ മുഖ്യനാക്കിയതെങ്കിലും അദ്ദേഹത്തിന് സമുദായത്തിന് ഇടയില്‍ അത്ര സ്വീകാര്യത ഇല്ല.
ഈ സാഹചര്യത്തില്‍ യെദ്യൂരപ്പ നിസഹകരണം തുടര്‍ന്നാല്‍ വോട്ട് ബാങ്കില്‍ വലിയ വിള്ളല്‍ വീഴും. ഇത് ബി ജെ പിയെ പരാജയത്തിലേക്ക് നയിക്കുമെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്. പ്രത്യേകിച്ച് 2013 ലെ തിരിച്ചടി മുന്നിലുള്ളതിനാല്‍.അന്ന് നേതൃത്വവുമായി ഇടഞ്ഞ് കെ ജെ പി എന്ന പാര്‍ട്ടി രൂപീകരിച്ച യെദ്യൂരപ്പ തിരഞ്ഞെടുപ്പില്‍ 9.5 ശതമാനം വോട്ട് നേടിയിരുന്നു.
വോട്ടുകള്‍ ഭിന്നിച്ചതോടെ വ്യക്തായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം പിടിക്കുകയും ചെയ്തു.ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം മകന്‍ ബിവൈ വിജേന്ദ്രയ്ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമെന്ന തുറുപ്പ് വെച്ചാകും യെദ്യൂരപ്പ നേതൃത്വത്തിന്റെ നീക്കങ്ങളോട് പ്രതികരിക്കുകയെന്നാണ് സൂചന. ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ വലിയ അട്ടിമറി തന്നെ തിരഞ്ഞെടുപ്പില്‍ ഉണ്ടായേക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല.