ബെംഗ്‌ളൂറു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈല്‍ ഫോണിന് നിരോധനമില്ലെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എന്‍ അശ്വത നാരായണ.ഡിജിറ്റല്‍ പഠനം പഠന പ്രക്രിയയുടെ ഭാഗമായതിനാല്‍ കോളജുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിലും കോളജുകളിലും മൊബൈല്‍ ഉപയോഗം നിരോധിക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ മൊബൈല്‍, കംപ്യൂടര്‍, ലാപ്ടോപ്, ടാബ് തുടങ്ങിയ ആധുനിക ഗാഡ്ജെറ്റുകള്‍ അധ്യാപന-പഠന പ്രക്രിയയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഈ സാഹര്യത്തില്‍, മൊബൈല്‍ ഉപയോഗം എങ്ങനെ നിരോധിക്കുമെന്നും മന്ത്രി ചോദിച്ചു.
ആധുനിക ഗാഡ്ജെറ്റുകള്‍ ഉപയോഗിച്ച് എല്ലാ തലങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതാണ് സര്‍കാരിന്റെ ലക്ഷ്യം. അതനുസരിച്ച് സ്ഥാപനങ്ങളില്‍ മൊബൈല്‍ ഉപയോഗം തുടരുമെന്നും മന്ത്രി നാരായണ പറഞ്ഞു.