തല്‍ക്കാല്‍ ബുക്കിങ്ങിന്റെ സമയം കുറക്കുന്ന ടൂള്‍ വികസിപ്പിച്ച സോഫ്റ്റ്വെയർ എൻജിനീയർക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്ത ഇന്ത്യൻ റെയില്‍വേയുടെ നടപടി തടഞ്ഞ് കർണാടക ഹൈകോടതി.ഐ.ഐ.ടി ബിരുദധാരിയായ ഗൗരവ് ധാക്കെ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. റെയില്‍വേ ടിക്കറ്റ് അനധികൃതമായി കൈപ്പറ്റുകയും വിതരണം ചെയ്യുകയും ചെയ്തെന്ന് ആരോപിച്ച് യുവാവിനെതിരെ റെയില്‍വേ നിയമം 143ാം വകുപ്പു പ്രകാരം റെയില്‍വേ കേസെടുത്തിരുന്നു. എന്നാല്‍, ഗൗരവ് ധാക്കെയുടെ പ്രവൃത്തി, തല്‍ക്കാല്‍ ബുക്കിങ്ങിന് നിലവില്‍ എടുക്കുന്ന അഞ്ചു മിനിറ്റ് സമയം 45 സെക്കൻഡായി കുറക്കുന്ന ബ്രൗസർ എക്സ്റ്റൻഷൻ മാത്രമാണെന്നും റെയില്‍വേ നിയമത്തിന്റെ ലംഘനമല്ലെന്നും ജസ്റ്റിസ് നാഗപ്രസന്ന ചൂണ്ടിക്കാട്ടി.
തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നയാളുടെ വിവരങ്ങള്‍ ഐ.ആർ.സി.ടി.സി വെബ്സൈറ്റിലെ ബുക്കിങ്ങിനിടെ ഓട്ടോഫില്‍ ആയി വരുന്ന സോഫ്റ്റ്വെയർ ടൂള്‍ ആണ് ഗൗരവ് ധാക്കെ വികസിപ്പിച്ചത്. തുടക്കത്തില്‍ ഇത് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍, ചില ഏജന്റുമാർ കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ ഈ സംവിധാനം ഉപയോഗിച്ചതോടെ 2020 ഫെബ്രുവരി മുതല്‍ ഒരാള്‍ക്ക് മാസത്തില്‍ ഓട്ടോഫില്‍ സൗകര്യത്തോടെ ബുക്കിങ് 10 എണ്ണമാക്കി ചുരുക്കുകയും ചെയ്തു. ഒരു ബുക്കിങ്ങിന് 30 രൂപ വീതം ചാർജും ഈടാക്കിത്തുടങ്ങി.
തുടർന്ന് ക്രിമിനല്‍ നടപടി സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി 2022 സെപ്റ്റംബറില്‍ ഗൗരവിന് റെയില്‍വേ നോട്ടീസയച്ചു. സോഫ്റ്റ് വെയർ ടൂള്‍ നിർമിച്ചതിലൂടെ ഗൗരവ് 12 ലക്ഷം രൂപ സമ്ബാദിച്ചതായി റെയില്‍വേ സംരക്ഷണ സേന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പൊതുജനങ്ങളുടെ സൗകര്യത്തിനായാണ് താൻ തല്‍ക്കാല്‍ ബുക്കിങ് സോഫ്റ്റവെയർ ടൂള്‍ രൂപപ്പെടുത്തിയതെന്നും അനധികൃത ഉപയോഗത്തിനായല്ലെന്നും ഗൗരവ് ധാക്കെയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
അനധികൃത ടിക്കറ്റ് വാങ്ങലോ വില്‍ക്കലോ ഗൗരവ് നടത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച കർണാടക ഹൈകോടതി, റെയില്‍വേ നിയമം 143ാം വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്ത കേസിനെ ന്യായീകരിക്കാവുന്ന തെളിവുകളില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. സമാനമായ മറ്റൊരു കേസില്‍ 2016ല്‍ കേരള ഹൈകോടതിയുടെ ഉത്തരവും ജസ്റ്റിസ് എം. നാഗപ്രസന്ന ചൂണ്ടിക്കാട്ടി.