ബെംഗളുരു: റോഡുകളിലെ കുഴികൾ നികത്തുന്നതിനുള്ള പുതിയ വർക്ക് പ്ലാൻ സമർപ്പിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലയ്ക്ക് (ബിബിഎംപി) ഒരു അവസരം കുടി നൽകി കർണാടക ഹൈക്കോടതി.ബെംഗളൂരുവിലെ സിബിഡിയിലെ കുഴികൾ നികത്തുന്നതിനും നന്നാക്കുന്നതിനുമായി ശരിയായ സാങ്കേതികവിദ്യ ഉപയോഗിച്ചും യന്ത്രങ്ങൾ വിന്യസിച്ചും കൃത്യമായ വർക്ക് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് എസ് പ്രഭാകറും ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയും ചേർന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന് ഉറപ്പ് നൽകി.വിജയൻ മേനോൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നത് 2022 മാർച്ച് 15ലേക്ക് മാറ്റിവെച്ച കോടതി, കുഴികൾ കാരണം എത്ര പേർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്താൻ ബിബിഎംപിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ കുഴികൾ മൂലമല്ല, സമീപത്തെ റോഡുകൾ വെട്ടിപ്പൊളിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബിബിഎംപി അഭിഭാഷകൻ വി ശ്രീനിധി മറുപടി നൽകിയത്.