ബംഗളൂരു: കര്‍ണാടകയില്‍ സ്‍ത്രീയെ മര്‍ദിച്ച് നഗ്നയായി നടത്തിച്ചതിനു ശേഷം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി.അസാധാരണമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി ഇതിന് തങ്ങളുടെ കൈയില്‍ അസാധാരണമായ ചികിത്സയുണ്ടെന്നും മറുപടി നല്‍കി. സ്ത്രീയുടെ മകൻ, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടി എന്നാരോപിച്ചായിരുന്നു മര്‍ദനം. പെണ്‍കുട്ടിയുടെ വീട്ടുകാരായിരുന്നു ക്രൂരമായ മര്‍ദനത്തിനു പിന്നില്‍. ഡിസംബര്‍ 11നായിരുന്നു നാടിനെ നടുക്കിയ സംഭവം.കൂടുതല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിസംബര്‍ 18ന് കോടതിയില്‍ നേരിട്ട് ഹാജരാകാനുമായി ബെലഗാവി പൊലീസ് കമ്മീഷണര്‍ക്കും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കും (എ.സി.പി) ഹൈകോടതി ഡിവിഷൻ ബെഞ്ച് സമൻസ് അയച്ചു.
കേസില്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള രേഖയും മെമ്മോയും അഡ്വക്കേറ്റ് ജനറല്‍ ഡിവിഷൻ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മതിയാകില്ലെന്നും കൂടുതല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഈ സംഭവം എല്ലാവര്‍ക്കും നാണക്കേടുണ്ടാക്കിയ ഒന്നാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ഇതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാൻ സാധിച്ചിട്ടില്ല എന്നത് നമ്മുടെ നേര്‍ക്കുള്ള ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നാമിപ്പോള്‍ ജീവിക്കുന്നത് 21ാം നൂറ്റാണ്ടിലോ അതോ 17ാം നൂറ്റാണ്ടിലേക്ക് മടങ്ങുകയാണോ? നമ്മള്‍ സമത്വമോ പുരോഗമനപരതയോ കാണാൻ പോകുകയാണോ അതോ 17 ഉം 18 ഉം നൂറ്റാണ്ടുകളിലേക്ക് മടങ്ങുകയാണോ.
അതിയായ വേദനകൊണ്ടാണ് ഇത്തരം പരുഷമായ വാക്കുകള്‍ ഉപയോഗിക്കുന്നത്. ഞങ്ങള്‍ അതിരുകടക്കുന്നു, എന്നാല്‍ നിസ്സഹായതാണ്. ഇത്തരം കടുത്ത വാക്കുകളിലൂടെയെങ്കിലും രോഷം പ്രകടിപ്പിക്കുക മാത്രമേ സാധിക്കുന്നുള്ളൂ.”-ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.അടുത്ത തലമുറയെ കൂടി ബാധിക്കുന്നതാണ് ഇതുപോലുള്ള സംഭവങ്ങള്‍. അടുത്ത തലമുറക്ക് സ്വപ്നം കാണാനുള്ള ഒരു സമൂഹമാണോ നാം സൃഷ്ടിക്കുന്നത്. അല്ലെങ്കില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്ന് ആളുകള്‍ക്ക് തോന്നിപ്പിക്കുന്ന ഒരു സമൂഹമാണോ? ആ സ്ത്രീക്ക് ഒരുതരത്തിലുള്ള ബഹുമാനവും നല്‍കിയില്ലെന്നും കോടതി വിമര്‍ശിച്ചു. ആക്രമിക്കപ്പെട്ട സ്ത്രീ എസ്.സി/എസ്.ടി സമുദായക്കാരിയാണെന്നും എന്നാല്‍ കേസില്‍ ആ വകുപ്പ് ചേര്‍ത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡിസംബര്‍ 12ന് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു സംഭവത്തില്‍. നിയമത്തെ പോലും വെല്ലുവിളിക്കാൻ കഴിയും എന്ന അപകടരമായ സിഗ്നല്‍ ആണ് സമൂഹത്തിന് നല്‍കുന്നതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ മൗനം പാലിക്കുന്ന വനിത കമ്മീഷനെയും കോടതി വിമര്‍ശിച്ചു. കമ്മീഷനിലെ ഏതെങ്കിലുമൊരംഗം സ്ത്രീയുടെ വീട് സന്ദര്‍ശിച്ചോ എന്ന് ചോദിഞ്ഞ കോടതി ടെലിവിഷൻ ചര്‍ച്ചകളിലൂടെയല്ല, നേരിട്ട് ഇടപെട്ട് നടപടിയെടുക്കുന്നത് വഴിയാണ് സ്ത്രീകള്‍ക്ക് നീതി ലഭിക്കുകയെന്നും ഓര്‍മപ്പെടുത്തി