ബെംഗളൂരു: മുന്‍ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ കുട്ടിയെ ആസ്‌ത്രേലിയയിലേക്ക് സ്ഥിരതാമസത്തിന് കൊണ്ടുപോകാന്‍ 34കാരിക്ക് കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കി.കുട്ടിയുടെ പിതാവായ മുന്‍ ഭര്‍ത്താവ് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് മാതാവിന് അനുമതി നല്‍കിയത്.രക്ഷിത എന്ന യുവതി നല്‍കിയ അപേക്ഷയില്‍ 1890ലെ രക്ഷാകര്‍തൃത്വ നിയമപ്രകാരം ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാരി രക്ഷിത ഇപ്പോള്‍ ആസ്‌ത്രേലിയയിലാണ് താമസം.
കുനിഗല്‍ സ്വദേശിയും കര്‍ഷകനുമായ ആദ്യ ഭര്‍ത്താവ് സി.സി ശശികുമാറിനെതിരേയാണ് രക്ഷിത കോടതിയെ സമീപിച്ചത്.2006ല്‍ വിവാഹിതരായ ഇവര്‍ക്ക് ഒരു മകളാണുള്ളത്. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ വേര്‍പിരിഞ്ഞു. മകളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന ഉപാധിയോടെയാണ് കോടതി വിവാഹമോചനം അനുവദിച്ചിരുന്നത്.എട്ടു വര്‍ഷത്തിനിടെ ഒരിക്കല്‍പോലും ശശികുമാര്‍ മകളെ കാണാനെത്തിയിട്ടില്ലെന്നും അതിനാല്‍ ഈ ഉപാധി നീക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിത 2022ല്‍ കുടുംബ കോടതിയെ സമീപിച്ചു.
കോടതി സമന്‍സിനോട് ശശികുമാര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സന്ദര്‍ശനാനുമതി റദ്ദാക്കി. സന്ദര്‍ശക വിസയില്‍ ആസ്‌ത്രേലിയയില്‍ താമസമാക്കിയ രക്ഷിതയും മകളും സ്ഥിരതാമസ വിസയ്ക്ക് ശ്രമിച്ചപ്പോഴാണ് മൈഗ്രേഷന്‍ നിയമപ്രകാരം പിതാവിന്റെ അനുമതി ആവശ്യമായി വന്നത്. അല്ലാത്തപക്ഷം പ്രാദേശിക കോടതിയുടെ രേഖാമൂലമുള്ള അനുമതിപത്രം വേണം.കുടുംബകോടതിയെ സമീപിച്ചെങ്കിലും രക്ഷാകര്‍തൃത്വം ഒരാള്‍ക്ക് മാത്രമായി ലഭിക്കണമെങ്കില്‍ പുതിയ ഹരജി ഫയല്‍ ചെയ്യണമെന്നും തീര്‍പ്പാക്കിയ ഹരജിയില്‍ തുടര്‍വാദം സാധ്യമല്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം തള്ളി.
തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.കുട്ടിയുടെ പിതാവ് ഈ വിഷയത്തില്‍ തര്‍ക്കമുന്നയിച്ചിട്ടില്ലാത്തതിനാലും ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കുട്ടി ഇത്രയും കാലം ഹരജിക്കാരിയുടെ കസ്റ്റഡിയിലാണ് എന്നതിനാലും വ്യവഹാരങ്ങളുടെ ബാഹുല്യം ഒഴിവാക്കാനും ഹരജിക്കാരിക്ക് കുട്ടിയെ കൊണ്ടുപോകാന്‍ അനുമതി നല്‍കുകയാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വര്‍ഷം ഒരു ലക്ഷം രൂപയിലേറെ കുടുംബ വരുമാനമുള്ളവരെ സാമൂഹിക സുരക്ഷ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കും; ധനകാര്യ വകുപ്പ്
തിരുവനന്തപുരം: ഒരു ലക്ഷം രൂപയിലേറെ വാര്‍ഷിക കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷ പെന്‍ഷനില്‍ നിന്ന് കര്‍ശനമായി ഒഴിവാക്കാനൊരുങ്ങി ധനവകുപ്പ്. പഞ്ചായത്ത് ഡയറക്‌ടര്‍ക്കും നഗരകാര്യ ഡയറക്‌ടര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ മുതല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്.നടപടികള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കണം. ഇതിനായി പ്രത്യേക മാര്‍ഗരേഖയും തയ്യാറാക്കി.
വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കും. പുതിയ നടപടിയിലൂടെ അഞ്ച് ലക്ഷം പേരെങ്കിലും സാമൂഹിക സുരക്ഷ പെന്‍ഷനില്‍ നിന്ന് ഒഴിവാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്.ഇപ്പോള്‍ 50.5 ലക്ഷം പേരാണ് 1,600 രൂപ വീതം എല്ലാ മാസവും പെന്‍ഷന്‍ വാങ്ങുന്നത്.ഇതിനുപുറമേ, ഏഴുലക്ഷത്തില്‍പരം പേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണ്. അവര്‍ക്ക് വരുമാന പരിധി ബാധകമല്ല. മാസം 800 കോടി രൂപയാണ് പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്നത്.പെന്‍ഷന്‍ വാങ്ങുന്നവരുടെ വരുമാനം ഒരു ലക്ഷം കവിയരുത് എന്ന ചട്ടം 2010 മുതല്‍ നിലവിലുണ്ട്.
2014ല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍, 10 മാസം കഴിഞ്ഞപ്പോള്‍ ആ സര്‍ക്കാര്‍ തന്നെ അത് പിന്‍വലിച്ച് വീണ്ടും ഒരു ലക്ഷമാക്കി. ഇതോടെയാണ് പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാനത്തിന്‍റെ കാര്യത്തില്‍ രണ്ടുതട്ടിലായത്.അന്ന് വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയപ്പോള്‍ ഒമ്ബത് ലക്ഷം പേരാണ് പുതുതായി പെന്‍ഷന് അര്‍ഹത നേടിയത്. നിലവിലെ വരുമാന പരിധി കര്‍ശനമാക്കുന്നതോടെ അവരില്‍ ഇനിയും പെന്‍ഷന്‍ വാങ്ങുന്ന ഭൂരിഭാഗം പേരും ഒഴിവാക്കപ്പെടും. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാര്‍ഷിക വരുമാനം പരിഗണിക്കും.
ഇതില്‍ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബ വരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. അതേസമയം, സാമൂഹിക സുരക്ഷ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള ക്ഷേമപെന്‍ഷനും വീണ്ടും കുടിശ്ശികയായി കിടക്കുകയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ നല്‍കാന്‍ ഇതുവരെ തീരുമാനമായിട്ടില്ല.ഈ ആഴ്‌ചതന്നെ ഇത് തീരുമാനിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ടുമാസത്തേക്ക് 1600 കോടി രൂപയാണ് വേണ്ടത്.
ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം 2,000 കോടിയുടെ കടപ്പത്രം ഇറക്കിയത്. ഇതിന്‍റെ ലേലം ചൊവ്വാഴ്‌ച നടക്കും.