മംഗളൂരു: ഹൊന്നാവറില്‍ യുവാവ് മുങ്ങിമരിച്ച സംഭവം ലൗജിഹാദാണെന്ന് ആരോപിച്ച് ബി.ജെ.പി നടത്തിയ അക്രമങ്ങളിലെ പ്രതികളായ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി ഉള്‍പ്പെടെ 112 നേതാക്കള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവിട്ടു.2017 ഡിസംബര്‍ ആറിന് പരേഷ് മെസ്ത(18) മരിച്ച സംഭവമാണ് അക്രമത്തിലേക്ക് വഴിമാറിയത്.ഹൊന്നാവര്‍ ടൗണില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ ഭയന്ന് ഓടിയ മെസ്തയെ കാണാനില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഷെട്ടികെരെ തടാകത്തില്‍ മുങ്ങിയ നിലയില്‍ മൃതദേഹം ലഭിച്ചു.
ലൗജിഹാദികളായ മുസ്ലിം സംഘം കൊലപ്പെടുത്തി തള്ളിയതാണെന്ന ആരോപണവുമായി അന്ന് എം.പിയും നിലവില്‍ കേന്ദ്ര മന്ത്രിയുമായ ശോഭ കാറന്ത്ലാജെയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദു സംഘടനകള്‍ തെരുവിലിറങ്ങുകയായിരുന്നു. ഐ.ജിയുടേതുള്‍പ്പെടെ പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് അക്രമിച്ചു.മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബി.ജെ.പി ആരോപണങ്ങള്‍ തള്ളുന്നതായിരുന്നു.
കൊലപാതകമെന്ന് പറയാവുന്ന തെളിവുകള്‍ മൃതദേഹത്തില്‍ കണ്ടെത്താനായില്ല. ശരീരത്തില്‍ ഹനുമാന് പച്ച കുത്തിയ ഭാഗം ചുരണ്ടിയെടുത്തുവെന്ന ആരോപണവും പോസ്റ്റ് മോര്‍ട്ടത്തില്‍ ശരിയല്ലെന്ന് കണ്ടു. അന്നത്തെ സിദ്ധാരാമയ്യ സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. ബി.ജെ.പിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയ സി.ബി.ഐ കേസ് അവസാനിപ്പിക്കുന്നതിനുള്ള ബി-റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എതിരെ വര്‍ഗ്ഗീയ പ്രചാരണത്തിന് സംസ്ഥാന വ്യാപകമായി ആ സംഭവം ബി.ജെ.പി ഉപയോഗിച്ചു. അക്രമ സംഭവങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത 26 കേസുകളാണിപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.
തദ്ദേശസ്ഥാപനങ്ങളുടെ സേവനം പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഈ വര്‍ഷം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ലെന്‍സ്ഫെഡിന്റെ ആഭിമുഖ്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടഭേദഗതികളും ഓണ്‍ലൈന്‍ പ്ലാന്‍സ് സമര്‍പ്പണവും എന്ന വിഷയത്തെക്കുറിച്ചുള്ള ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹംകെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു.
ഇതിനായി എല്ലാ വിഭാഗം ആള്‍ക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടും.എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സോഫ്റ്റ്വെയര് ഏകീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.സമയബന്ധിതമായും കാര്യക്ഷമമായും കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. ഇതിനായി സെല്‍ഫ് സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാക്കും. ഇതോടെ ഓണ്‍ലൈന്‍ ആയിത്തന്നെ പ്ലാന്‍ സമര്‍പ്പിക്കാനും ഓണ്‍ലൈനായി തന്നെ കാലതാമസം ഇല്ലാതെ പെര്‍മിറ്റ് ലഭ്യമാക്കാനും സാധിക്കും. അതിനുവേണ്ടി ഫീസ് ഘടനയില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.