ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ പദ്ധതി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്ത നല്‍കിയ ആജ് തക് ചാനലിനെതിരെ നിയമനടപടിക്ക് കര്‍ണാടക സര്‍ക്കാര്‍.വാഹനങ്ങള്‍ വാങ്ങാൻ മൂന്നു ലക്ഷം രൂപ വരെ സബ്സിഡി നല്‍കുന്ന ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള പദ്ധതിയില്‍ ഹിന്ദുക്കളെ ഉള്‍പ്പെടുത്തിയില്ലെന്നാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്.പദ്ധതി സംബന്ധിച്ച് ന്യൂനപക്ഷ വകുപ്പ് നല്‍കിയ പത്രപരസ്യം പ്രദര്‍ശിപ്പിച്ച ചാനല്‍, ഹിന്ദുക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത് വിവേചനമാണെന്നാണ് ആരോപിച്ചത്. എന്നാല്‍, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കായി ‘ഐരാവത’ എന്ന പേരില്‍ ഇതേ പദ്ധതി കര്‍ണാടകയില്‍ നിലവിലുണ്ട്.
ഇതേ കുറിച്ച് വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നില്ല. ഒരേ പദ്ധതി ന്യൂനപക്ഷ വികസന കോര്‍പറേഷൻ, ഡോ. ബി.ആര്‍. അംബേദ്കര്‍ വികസന കോര്‍പറേഷൻ എന്നിവക്ക് കീഴിലാണ് നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് അതത് കോര്‍പറേഷനുകളും ടെണ്ടര്‍ ക്ഷണിച്ചതായും സാമൂഹിക ക്ഷേമ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ ന്യൂനപക്ഷ, പട്ടിക ജാതി-പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ‘സ്വാവലംബി സാരഥി’ പദ്ധതിക്കായി തുകയും വകയിരുത്തിയിരുന്നു. എന്നാല്‍, ന്യൂനപക്ഷ വികസന കോര്‍പറേഷൻ നല്‍കിയ പത്രപരസ്യം മാത്രം കാണിച്ച ആജ് തക് അവതാരകനായ സുധീര്‍ ചൗധരി, ഈ പദ്ധതി ഹിന്ദുക്കള്‍ക്കുള്ളതല്ലെന്നാണ് പരാമര്‍ശിച്ചത്.
‘നിങ്ങള്‍ പാവങ്ങളാണെങ്കിലും ഹിന്ദുക്കളാണെങ്കില്‍ നിങ്ങള്‍ക്ക് സബ്സിഡി കിട്ടില്ല. മുസ്‍ലിം, സിക്ക്, ബുദ്ധ മതക്കാര്‍ക്ക് വാഹനം വാഹനം വാങ്ങാൻ സബ്സിഡി ലഭിക്കും’- സുധീര്‍ ചൗധരി വാര്‍ത്താവതരണത്തില്‍ പറഞ്ഞു. ഇതേ വാദം പല ബി.ജെ.പി നേതാക്കളും ഉന്നയിച്ചിരുന്നു. പ്രസ്തുത പദ്ധതി ഹിന്ദുക്കള്‍ക്ക് ലഭ്യമല്ലെന്ന് പ്രചരിപ്പിച്ചതിലൂടെ പദ്ധതിയെ വര്‍ഗീയവത്കരിക്കാൻ ആജ്തക് ചാനലിന്റെ സുധീര്‍ ചൗധരി ശ്രമിച്ചതായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
മനഃപൂര്‍വം തെറ്റായ വിവരം പ്രചരിപ്പിച്ചതിന് ചൗധരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സിദ്ധരാമയ്യയുടെ മുൻ സര്‍ക്കാറിലും ബി.ജെ.പി ഭരണകാലത്തും ഈ പദ്ധതി നിലവിലുണ്ടായിരുന്നു. 2021-22ല്‍ ബി.ജെ.പിയുടെ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിരിക്കുമ്ബോഴും പ്രസ്തുത പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. ഈ കാലയളവില്‍ 5.4 കോടിയും 2022-23ല്‍ 7.1 കോടി രൂപയും സര്‍ക്കാര്‍ ചെലവഴിച്ചു.