ബംഗളൂരു: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മാതൃകയില്‍ സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ നട്ടാരു വധക്കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ആരംഭിച്ചു.ദേശീയ ഇന്റലിജന്‍സ് ഏജന്‍സി എന്‍ഐഎയ്ക്കൊപ്പം പോലീസും ചേര്‍ന്ന് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് മംഗളുരു എഡിജിപി അലോക് കുമാര്‍ പറഞ്ഞു. ബെല്ലാരിയില്‍ എന്‍ഐഎയുമായി ചേര്‍ന്ന് കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തിയ ശേഷമാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്.
കേസില്‍ ഇന്നലെ മൂന്ന് പ്രതികള്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ബെള്ളരെ സ്വദേശി ബഷീര്‍, ഷിഹാബ്, റിയാസ് എന്നിവരാണ് പോലീസ് പിടിയിലായത്.കേസുമായി ബന്ധപ്പെട്ട് സുള്ള്യ ബെള്ളാരെ സ്വദേശി ഷഫീക്ക് (27), സവണൂരു സ്വദേശി സക്കീര്‍(29) ബെള്ളാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരീസ് (42), സുള്ള്യ നാവൂര്‍ സ്വദേശി അബിദ് (22), ബെള്ളാരി ഗൗരിഹൊളെ സ്വദേശി നൗഫല്‍(28) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 26 നു രാത്രി കേരള കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ വച്ചാണ് യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരു (32) കൊല്ലപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന എന്നിവയില്‍ പങ്കാളികളായ എല്ലാവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.