Home Featured ബംഗളൂരു മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; പിഴ 2500 ശതമാനം വരെ കൂട്ടി കര്‍ണാടക സര്‍ക്കാര്‍, റെന്‍റ് കണ്‍ട്രോള്‍ ആക്ടില്‍ സുപ്രധാന മാറ്റങ്ങള്‍ അറിയാം

ബംഗളൂരു മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; പിഴ 2500 ശതമാനം വരെ കൂട്ടി കര്‍ണാടക സര്‍ക്കാര്‍, റെന്‍റ് കണ്‍ട്രോള്‍ ആക്ടില്‍ സുപ്രധാന മാറ്റങ്ങള്‍ അറിയാം

വാടക തർക്കങ്ങളെ ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുകയും അതേ സമയം പിഴത്തുക 900 ശതമാനം മുതല്‍ 2,500 ശതമാനം വരെ കുത്തനെ വർധിപ്പിക്കുകയും ചെയ്ത് കര്‍ണാടക സർക്കാർ.1999-ല്‍ കൊണ്ടുവന്ന കർണാടക റെന്‍റ് കണ്‍ട്രോള്‍ ആക്ടില്‍ സുപ്രധാന ഭേദഗതികള്‍ വരുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ച ഈ ഭേദഗതികള്‍ ബെളഗാവിയില്‍ നടക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചെറിയ കുറ്റകൃത്യങ്ങളെ പിഴയും മുന്നറിയിപ്പും നല്‍കി കുറ്റവിമുക്തമാക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ‘ജൻ വിശ്വാസ് ആക്‌ട്, 2025’-മായി സംസ്ഥാന നിയമം ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.

വാടകക്കാരുമായും വീട്ടുടമകളുമായും ബന്ധപ്പെട്ട തർക്കങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന ഒരു മാസം വരെയുള്ള തടവ് ശിക്ഷ ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പുതിയ ഭേദഗതി പ്രകാരം നിയമത്തിലെ ഒമ്ബത് വിവിധ വകുപ്പുകളിലെ പിഴകള്‍ കുത്തനെ വർദ്ധിപ്പിച്ചു. വാടകക്കാർ അനുമതിയില്ലാതെ സബ്‌ലെറ്റ് ചെയ്യുന്നത്, വീട്ടുടമകള്‍ നിയമവിരുദ്ധമായി വാടകക്കാരെ ഒഴിപ്പിക്കുന്നത്, വസ്തുവിവരം തെറ്റായി രേഖപ്പെടുത്തുന്നത്, റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.പഴയ നിയമപ്രകാരം, നിയമം ലംഘിച്ച്‌ വാടകയ്ക്ക് നല്‍കിയാല്‍ 5,000 രൂപയോ അല്ലെങ്കില്‍ ലഭിച്ച വാടകയുടെ ഇരട്ടിയോ, ഇവയില്‍ ഏതാണോ കൂടുതലെങ്കില്‍ അതും കൂടാതെ ഒരു മാസം വരെ തടവും ലഭിക്കുമായിരുന്നു.

പുതിയ ഭേദഗതി പ്രകാരം, നിയമം ലംഘിച്ച്‌ സബ്‌ലെറ്റ് ചെയ്യുന്ന വാടകക്കാർക്ക് പരാതി നീങ്ങുന്നതുവരെ 50,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ വാടകയ്ക്ക് ലഭിക്കുന്ന തുകയുടെ ഇരട്ടിയോ, ഇവയില്‍ ഏതാണോ കൂടുതലെങ്കില്‍ അതും ചുമത്തും. തടവ് ശിക്ഷ ഉണ്ടായിരിക്കില്ല.

വാടകക്കാരെ നിയമവിരുദ്ധമായി ഒഴിപ്പിക്കുന്ന വീട്ടുടമകള്‍ക്കും സമാനമായ വ്യവസ്ഥകള്‍ ബാധകമാണ്. കോടതി വീണ്ടും വാടകയ്ക്ക് നല്‍കാൻ ഉത്തരവിട്ട സാഹചര്യത്തില്‍ നിയമം ലംഘിക്കുന്നവർക്ക് നേരത്തെ 5,000 രൂപ പിഴയോ അല്ലെങ്കില്‍ ലഭിച്ച വാടകയുടെ ഇരട്ടിയോ, കൂടാതെ ഒരു മാസം വരെ തടവോ ലഭിക്കുമായിരുന്നു. പുതിയ ഭേദഗതി പ്രകാരം തടവ് ഒഴിവാക്കി. 50,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ ലഭിച്ച വാടകയുടെ ഇരട്ടിയോ, ഇവയില്‍ ഏതാണോ കൂടുതല്‍ അത് ചുമത്തും.

റെന്‍റ് കണ്‍ട്രോളർമാരുടെ അടുത്ത് രജിസ്റ്റർ ചെയ്യാത്ത റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാർക്കും മധ്യസ്ഥർക്കുമുള്ള തടവ് ശിക്ഷ ഒഴിവാക്കി. പകരം, രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതുവരെ ദിവസേന 20,000 രൂപ പിഴ ചുമത്തും. പുതിയ പ്രോപ്പർട്ടികളുമായി ബന്ധപ്പെട്ട മിക്ക ഏജന്‍റുമാരും റെറയില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഈ പ്രോപ്പർട്ടികള്‍ മറിച്ചു വില്‍ക്കാൻ സർക്കാരില്‍ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് കുറച്ച്‌ പേർക്ക് മാത്രമേ അറിയൂ എന്ന് നോർത്ത് ബെംഗളൂരുവിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് അഭിപ്രായപ്പെട്ടു.

നീതിന്യായ വ്യവസ്ഥയുടെ ജോലിഭാരം കുറയ്ക്കുന്നതിനായി, വാടക തർക്കങ്ങളില്‍ തീർപ്പ് കല്‍പ്പിക്കുന്നതിനുള്ള അഡ്ജുഡിക്കേഷൻ അധികാരം (adjudication powers) റെന്‍റ് കണ്‍ട്രോളർമാർക്ക് നല്‍കിക്കൊണ്ട് ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. മുനിസിപ്പല്‍ പരിധിക്കുള്ളില്‍ അസിസ്റ്റന്‍റ് കമ്മീഷണർമാരെ (ACs), നഗര-ഗ്രാമീണ മേഖലകളില്‍ തഹസില്‍ദാർമാരെയും നിയമം നടപ്പിലാക്കുന്നതിനുള്ള റെന്‍റ് കണ്‍ട്രോളർമാരായി സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group