
ബെംഗളൂരു; കന്നുകാലി കശാപ്പു നിരോധന നിയമഭേദഗതി നടപ്പാക്കിയ കർണാടകയിലെ ക്ഷേത്രങ്ങളോടു ചേർന്ന് ഗോശാലകൾ നിർമിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി മുസ്റായ് (ദേവസ്വം) മന്ത്രി ശശികലാ ജോലെ പറഞ്ഞു. കൃഷി ആവശ്യങ്ങൾ കഴിഞ്ഞ് കർഷകർ ഉപേക്ഷിക്കുന്ന പ്രായമായ കന്നുകാലികളെ സംരക്ഷിക്കാനാണിത്.
ബെളഗാവി കപിലേശ്വര ക്ഷേത്രത്തിൽ ഗോപൂജ നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ദേവസ്വം ബോർഡിന് കീഴിലുള്ള എ, ബി വിഭാഗത്തിലുള്ള ക്ഷേത്രങ്ങളോടു ചേർന്നാകും ഗോശാലകൾ നിർമിക്കുക. 250 ഗോശാലകൾ ഉടൻ തുറക്കുമെന്നും മന്ത്രി പറഞ്ഞു. മംഗള അംഗദി എംപി, എംഎൽഎമാരായ അനിൽ ബനാകെ, അഭയ് പാട്ടീൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഫെബ്രുവരിയിലാണ് കർണാടക സർക്കാർ കന്നുകാലി കശാപ്പു നിരോധന നിയമഭേദഗതി (കർണാടക പ്രിവൻഷൻ ഓഫ്സ് ലോട്ടർ ആൻഡ് പ്രിസർവേഷൻ ഓഫ് കാറ്റിൽ ആക്ട്) പാസാക്കിയത്. ഇതുപ്രകാരം സംസ്ഥാനത്ത് 13 വർഷത്തിലധികം വളർച്ചയുള്ള പോത്തിനെയും എരുമയെയും മാത്രമേ കശാപ്പു ചെയ്യാൻ അനുമതിയുള്ളൂ. പശു, പശുക്കിടാവ്, കാള, 13 വർഷം വളർച്ചയെത്താത്ത പോത്ത്, എരുമ എന്നിവയെ കൊല്ലുന്നവർക്ക് 37 വർഷം വരെ തടവും 50,000 -10 ലക്ഷം രൂപ വരെ പിഴയും ചുമത്താൻ വ്യവസ്ഥയുണ്ട്.