ബെംഗളൂരു: പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കർണാടക സർക്കാർ. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്ന് ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ വെള്ളിയാഴ്ച നിയമസഭയിൽ വ്യക്തമാക്കി.ബിജെപി നേതാവും മുൻ മന്ത്രിയുമായ എസ്. സുരേഷ് കുമാർ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സോഷ്യൽ മീഡിയയുടെ ദുരുപയോഗം മൂലം കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും തെറ്റായ സ്വാധീനങ്ങളും പരിഗണിച്ചാണ് ഈ നീക്കം. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളുടെ പഠനത്തെയും കുടുംബബന്ധങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും, ഇത് നിയന്ത്രിക്കാൻ കൃത്യമായ പ്രായപരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.മെറ്റയുമായി ചേർന്നാണ് സർക്കാർ സംസ്ഥാനത്ത് ‘ഡിജിറ്റൽ ഡിറ്റോക്സിഫിക്കേഷൻ’ പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ലക്ഷത്തോളം കുട്ടികളും ഒരു ലക്ഷം അധ്യാപകരും ഇതിനകം ഈ പരിശീലന പരിപാടിയിൽ പങ്കാളികളായി. കൂടാതെ, ഡിജിറ്റൽ ലഹരിയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ‘ബിയോണ്ട് സ്ക്രീൻസ്’ എന്ന പേരിൽ പ്രത്യേക കൗൺസിലിംഗ് കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.സോഷ്യൽ മീഡിയ നിയന്ത്രണത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള നടപടികൾ മന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയ രണ്ട് മാസം മുമ്പ് തന്നെ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകൊണ്ട് കർശന നിയമം കൊണ്ടുവന്നിരുന്നു. ഫിൻലാൻഡും ഇതിനോടകം തന്നെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, യുകെ ( യുണൈറ്റഡ് കിംഗ്ഡം) യും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണെന്നും മന്ത്രി പറഞ്ഞു.