ബെംഗളൂരു: ഗുണ്ടൽപേട്ടിലും സമീപപ്രദേശങ്ങളിലും കേരളത്തിൽനിന്ന് മാലിന്യം കൊണ്ടുവന്നു തള്ളുന്നതിനിനെതിരേ കർശന നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിന്റെ തീരുമാനം. അതിർത്തി പ്രദേശങ്ങളിലെ വനം വകുപ്പിന്റെ ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനും സ്ഥിരമായി മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കാനുമാണ് നീക്കം. ഇതുസംബന്ധിച്ച നിർദേശം മന്ത്രി ഈശ്വർ ഖൻഡ്രെയുടെ ഓഫീസിൽനിന്ന് കഴിഞ്ഞദിവസമാണ് ഗുണ്ടൽപേട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. രാത്രിയിൽ റോഡരികിൽ ആശുപത്രി മാലിന്യവും അറവുശാല മാലിന്യവും തള്ളുന്നതിനെതിരേ പ്രദേശവാസികൾ നേരത്തേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഗുണ്ടൽപേട്ടിലെ വനമേഖലയോട് ചേർന്ന ഒഴിഞ്ഞ പ്രദേശങ്ങളിലാണ് കേരളത്തിൽനിന്ന് എത്തിക്കുന്ന മാലിന്യം തള്ളുന്നത്. രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതിനാൽ സമീപവാസികൾ വലിയ ദുരിതത്തിലാണ്. മഴയിൽ ഇവ റോഡിലേക്കും സമീപത്തെ ജലസ്രോതസ്സുകളിലേക്കും ഒലിച്ചിറങ്ങുന്നത് രോഗബാധയ്ക്ക് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.പ്രദേശവാസികൾ ഉൾപ്പെടുന്ന ചില സംഘങ്ങൾ തന്നെയാണ് മാലിന്യം കേരളത്തിൽനിന്ന് എത്തിക്കുന്നതിന് പിന്നിലെന്നാണ് സൂചന. ആശുപത്രികളിൽനിന്നും അറവുശാലകളിൽനിന്നും മാലിന്യം നീക്കാൻ കരാറെടുക്കുന്ന സംഘങ്ങൾ ഇവ ഗുണ്ടൽപേട്ടിലെത്തിച്ച് റോഡരികിൽ തള്ളുകയാണ് ചെയ്യുന്നത്.
കേരളത്തെക്കൂടാതെ തമിഴ്‌നാട്ടിൽനിന്നും മാലിന്യം ഇവിടെയെത്തിക്കുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. പ്രധാന റോഡിലൂടെയല്ലാതെ സമാന്തരമായ മറ്റ് വഴികളിലൂടെയാണ് ഇവയെത്തിക്കുന്നത്. ചില ഉദ്യോഗസ്ഥരും ഇത്തരം സംഘങ്ങൾക്ക് സഹായം നൽകുന്നതായും ആരോപണമുണ്ട്. മാലിന്യവുമായി വരുന്ന വാഹനങ്ങൾ പരിശോധിക്കാൻ പലപ്പോഴും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല.ചെക്‌പോസ്റ്റുകളിലെ പരിശോധന കർശനമാക്കിയാൽ അനധികൃതമായി മാലിന്യമെത്തിക്കുന്നത് പൂർണമായും തടയാൻ കഴിയുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്. ഒഴിഞ്ഞ പ്രദേശങ്ങളിൽ ക്യാമറസ്ഥാപിക്കുന്നതും ഗുണകരമാകും.
മറന്നുവച്ച ലാപ്ടോപ്പും പണമടങ്ങിയ ബാഗും രോഗിക്ക് തിരികെ ലഭിച്ചു:
ചികിത്സയിലായിരുന്ന രോഗി മുറിയില്‍ മറന്നുവച്ച ലാപ്ടോപ്പും 50000 രൂപ അടങ്ങിയ ബാഗും തിരിച്ചുനല്‍കി ആശുപത്രി ജീവനക്കാരി മാതൃകയായി.ആലുവ പറവൂര്‍ കവല സൂരജ് കോട്ടേജില്‍ ഡാലിയയാണ് ആശുപത്രിയില്‍ നിന്ന് ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജായി പോയപ്പോള്‍ ബാഗ് മറന്നുവച്ചത്.ആശുപത്രി ജീവനക്കാരിയായ ചെമ്ബറക്കി കല്ലേലികുടി വീട്ടില്‍ സജിതയാണ് മുറി വൃത്തിയാക്കുന്നതിനിടെ ബാഗ് കണ്ടത്. തുടര്‍ന്ന് ബാഗ് ആശുപത്രി അധികൃതരെ ഏല്‍പ്പിച്ചത്.
മുറിയില്‍ കിടന്നവരുടെ ഫോണ്‍ നമ്ബര്‍ പ്രകാരം ഉടമയായ ഡാലിയയെ വിളിച്ചു വരുത്തുകയായിരുന്നു. ബാഗിന്‍റെ ഉടമ രണ്ടുദിവസമായിട്ടും ആശുപത്രിയില്‍ മറന്നുവെച്ചെന്ന കാര്യം അറിഞ്ഞിരുന്നില്ല. ഡാലിയയുടെ മകള്‍ ഈവ ആശുപത്രിയില്‍ എത്തി പിആര്‍ഒ സഗീര്‍ അറക്കലിന്‍റെ സാന്നിധ്യത്തില്‍ സജിതയില്‍നിന്നു ബാഗ് കൈപ്പറ്റി. ബാഗ് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ സമ്മാനവും നല്‍കിയാണ് ഡാലിയയുടെ മകള്‍ ഈവ മടങ്ങിയത്.