ബെംഗളൂരു: കര്‍ണാടകത്തില്‍ രാജ്യസഭാ വോട്ടെടുപ്പില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തിരിക്കുകയാണ്.സിദ്ധരാമയ്യ ജെഡിഎസ്സ് പിന്തുണ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇത് ഗുണം ചെയ്തുവെന്നാണ് മനസ്സിലാവുന്നത്. അതേസമയം ക്രോസ് വോട്ടിംഗിന് കാരണം സിദ്ധരാമയ്യയാണെന്ന് ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി ആരോപിച്ചു.
അതേസമയം എംഎല്‍എമാര്‍ക്ക് സിദ്ധരാമയ്യ കത്തെഴുതിയിട്ടുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു. നേരത്തെ ഇല്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ കത്ത് സോഷ്യല്‍ മീഡിയയില്‍ അടക്കം സിദ്ധരാമയ്യ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് സിദ്ധരാമയ്യയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.ജെഡിഎസ്സ് എംഎല്‍എ ശ്രീനിവാസ ഗൗഡയാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നാണ് സൂചന.
സിദ്ധരാമയ്യക്കൊപ്പം ഇയാളെ കണ്ടതാണ് ക്രോസ് വോട്ടിംഗ് ബലപ്പെടുത്തുന്നത്. വിധാന സൗധയിലെ കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുറിയിലേക്ക് ഇയാള്‍ പ്രവേശിക്കുന്നവരും കണ്ടവരുണ്ട്. ഇത് വോട്ട് മറിഞ്ഞെന്ന് ഉറപ്പിക്കുന്ന കാര്യമാണ്. അതേസമയം ജെഡിഎസ്സിന്റെ രണ്ട് എംഎല്‍എമാരുടെ വോട്ടുകള്‍ക്കായി ബിജെപിയും രംഗത്തുണ്ട്.
ഇന്ന് രാവിലെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവെന്നാണ് സൂചന. രണ്ട് പേരും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്നാണ് സൂചന.അതേസമയം ബിജെപി തിരഞ്ഞെടുപ്പ് അധികാരികള്‍ക്ക് ജെഡിഎസ്സ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജെഡിഎസ് എംഎല്‍എ രേവണ്ണ, ഇയാളുടെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി ഡികെ ശിവകുമാറിനെ കാണിച്ചുവെന്നാണ് ബിജെപിയുടെ പരാതിയില്‍ പറയുന്നത്.
കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് കൂടിയാണ് ശിവകുമാര്‍. ഈ സാഹചര്യത്തില്‍ രേവണ്ണയുടെ വോട്ട് റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ജെഡിഎസ്സ് എംഎല്‍എമാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍സൂര്‍ ഖാന്‍ പറഞ്ഞു. തീര്‍ച്ചയായും വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.