ബെംഗളൂരു: കോവിഡ് രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് കർണാടകയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാസ്ക് ഇനി നിർബന്ധം.അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകർ ജനങ്ങളോട് ആവശ്യപ്പെട്ടു.
പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം. ജനങ്ങൾ കോവിഡ് പ്രതിരോധമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മ അടിയന്തര യോഗം വിളിച്ചു ചേർത്തു.കർണാടകയിൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് നിലവിലെ വിലയിരുത്തൽ.
എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ രോഗബാധ ഉയരുന്നത് കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് മാസ്ക് വീണ്ടും നിർബന്ധമാക്കിയത്. രോഗവ്യാപനം വർധിക്കുന്നത് കണക്കിലെടുത്ത് ഡൽഹിയും തമിഴ്നാടും കുറച്ച് ദിവസം മുൻപ് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.