ബെംഗളൂരു : പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നു പിഴ ഈടാക്കാൻ നീക്കവുമായി കർണാടക സർക്കാർ. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ 95 ശതമാനവുമുള്ള ബെംഗളൂരുവിൽ മാസ്ക് നിയമം കർശനമായി പാലിക്കേണ്ട സമയം അതിക്രമിച്ചതായി ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.
കാര്യങ്ങൾ കൈവിട്ടു പോകും മുൻപ് പിഴ ഇടാക്കിയാലേ മാസ്ക് ധരിക്കുന്നതു ജനം ഗൗരവത്തിലെടുക്കൂ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി ചർച്ച നടത്തിയ ശേഷം പിഴ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലും വിട്ടുവീഴ്ച വരുത്തരുതെന്ന് അദ്ദേഹം പറഞ്ഞു.