Home covid19 കര്‍ണാടകയില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; പനി ബാധിതര്‍ കോവിഡ് ടെസ്റ്റ് നടത്തണം

കര്‍ണാടകയില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; പനി ബാധിതര്‍ കോവിഡ് ടെസ്റ്റ് നടത്തണം

ബെംഗളൂരു: കര്‍ണാടകയില്‍ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരിച്ച മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പനിയുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.ചൈന അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.കേന്ദ്രത്തില്‍നിന്ന് പുതിയ നിര്‍ദേശം വരുന്നത് വരെ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം റാന്‍ഡം ടെസ്റ്റിങ് നടത്തുന്നത് തുടരുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു.

കോവിഡ് വിശകലന യോഗത്തില്‍ മന്ത്രിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കോവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മുഴുവന്‍ ജില്ലാ ആശുപത്രികളിലും ഓക്‌സിജന്‍ സൗകര്യത്തോടെ പ്രത്യേക കോവിഡ് വാര്‍ഡുകള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ചെയ്തത് പോലെ സ്വകാര്യ ആശുപത്രികളുമായും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമായും യോജിച്ച്‌ ചികിത്സക്ക് സൗകര്യമൊരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മാസ്‌ക് നിര്‍ബന്ധം, ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; കരുതല്‍ ഡോസ് എടുക്കണം

ന്യൂഡല്‍ഹി: കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. നിരീക്ഷണം ശക്തമാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സജ്ജമാണെന്നും ഉന്നതതലയോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ജനക്കൂട്ടങ്ങളുള്ള സ്ഥലം, അടച്ചിട്ട സ്ഥലം തുടങ്ങി എല്ലാ സ്ഥലത്തും ജനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നീതി ആയോഗ് ( ഹെല്‍ത്ത്) അംഗം ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു. ഗുരുതര രോഗങ്ങളുള്ളവരും പ്രായമായവരും ഇത് കര്‍ശനമായും പാലിക്കണം.രാജ്യത്ത് 27-28 ശതമാനം പേര്‍ മാത്രമാണ് മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. പ്രായമേറിയവര്‍ നിര്‍ബന്ധമായും കരുതല്‍ ഡോസ് സ്വീകരിക്കണം.

പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഡോ. വി കെ പോള്‍ ആവശ്യപ്പെട്ടു.ഉന്നതതലയോഗത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍, നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍ കെ അറോറ, ഐസിഎംആര്‍ ശാസ്ത്രജ്ഞ നിവേദിത ഗുപ്ത, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ അതുല്‍ ഗോയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ചൈനയില്‍ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. മൂന്നുമാസത്തിനിടെ രാജ്യത്തെ 60 ശതമാനം പേരും കോവിഡ് രോഗബാധിതരാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group