കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. കോവിഡ് ബാധിതര്‍ക്ക് ഹോം ഐസൊലേഷൻ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണിത്. 400ഓളം കോവിഡ് രോഗികളാണ് ഹോം ഐസൊലേഷനില്‍ കഴിയുന്നത്. ചിലര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികളെ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘം സന്ദര്‍ശിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെ.എൻ1 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.കോവിഡ് തരംഗകാലത്ത് ചെയ്തിരുന്ന പോലെ ടെലി ഐ.സി.യു സംവിധാനം വഴിയും കോവിഡ് രോഗികളെ നിരീക്ഷിക്കും. പുതുവത്സരാഘോഷ പശ്ചാത്തലത്തില്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് വാര്‍ഡുകള്‍ ഒരുക്കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാതിരിക്കുക തുടങ്ങിയ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. പ്രായമായവരും രോഗങ്ങളുള്ളവരും മുൻകരുതല്‍ വാക്‌സിൻ സ്വീകരിക്കണം.
ജലദോഷം, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. അതേസമയം, പുതുവത്സരാഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തുന്നില്ലെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും സര്‍ക്കാര്‍, സര്‍ക്കാറിതര മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരാഴ്ച നിര്‍ബന്ധിത കാഷ്വല്‍ ലീവ് നല്‍കണം, അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ആശുപത്രിയില്‍ പ്രവേശന കാലയളവിലേക്ക് പ്രത്യേക അവധി നല്‍കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റവും പുതിയ കണക്കനുസരിച്ച്, മൂന്ന് മരണങ്ങള്‍ ഉള്‍പ്പെടെ ജെ.എൻ1 വേരിയന്റിന്റെ 34 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്ത 69 ജെ.എൻ1 കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കര്‍ണാടകയിലാണ്