ബംഗളൂരു: വിവാഹിതനായ മകനെ മകനായി തന്നെ പരിഗണിക്കുന്നതുപോലെ, വിവാഹിതയായ മകളെ മകളായി തന്നെ പരിഗണിക്കണമെന്ന് കര്‍ണാടക ഹൈകോടതി.വിരമിച്ച പട്ടാളക്കാരന്‍റെ വിവാഹിതയായ മകള്‍ ആശ്രിത കാര്‍ഡിന് അര്‍ഹയല്ലെന്ന സൈനിക ക്ഷേമ ബോര്‍ഡിന്‍റെ ചട്ടം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.’വിവാഹം ചെയ്താലും ഇല്ലെങ്കിലും മകന്‍ മകനായി തുടരുകയാണെങ്കില്‍, മകളും മകളായി തുടരണം.വിവാഹത്തിലൂടെ മകന്‍റെ പദവിക്ക് ഒരു മാറ്റവുമുണ്ടാകാത്തിടത്തോളം മകളുടെ പദവിയിലും ഒരു മാറ്റവുമുണ്ടാകരുത്’ -ജസ്റ്റിസ് എസ്. നാഗപ്രസന്ന വ്യക്തമാക്കി.
വിരമിച്ച സൈനികരെ ‘എക്സ്-സര്‍വിസ്മെന്‍’ എന്ന് വിളിക്കുന്നത് അവസാനിപ്പിച്ച് പകരം ജെന്‍ഡര്‍ ന്യൂട്രലായ ‘എക്സ്-സര്‍വിസ് പേഴ്സണല്‍’ എന്ന വാക്ക് ഉപയോഗിക്കുന്നത് പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും കോടതി നിര്‍ദേശം നല്‍കി.പ്രിയങ്ക പാട്ടീല്‍ എന്ന യുവതിയാണ് തനിക്ക് സൈനിക-ആശ്രിത ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കാട്ടി കോടതിയെ സമീപിച്ചത്.
പ്രിയങ്കയുടെ പിതാവ് സുബേദാര്‍ രമേശ് കണ്ടപ്പ 2001ല്‍ സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ചിരുന്നു. അന്ന് 10 വയസായിരുന്നു പ്രിയങ്കക്ക് പ്രായം. പിന്നീട് വിവാഹിതയായ പ്രിയങ്ക, സര്‍ക്കാര്‍ സര്‍വിസില്‍ സൈനികരുടെ ആശ്രിതര്‍ക്കുള്ള സംവരണത്തിന് ആവശ്യമുന്നയിച്ചെങ്കിലും വിവാഹിതയാണെന്ന് കാട്ടി നിരസിക്കുകയായിരുന്നു. മകള്‍ വിവാഹിതയാണെങ്കില്‍ ആനുകൂല്യത്തിന് അര്‍ഹയല്ലെന്നായിരുന്നു ഇതുവരെയുള്ള ചട്ടം.
യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ആള്‍ക്ക് യാത്രാവിലക്ക്
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വിമാനത്തില്‍ വനിതാ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ആള്‍ക്ക് 30 ദിവസത്തെ യാത്രാവിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ.ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു സംഭവം.എയര്‍ ഇന്ത്യ യാത്രക്കാരനെ 30 ദിവസത്തേക്ക് വിലക്കുകയും ഇക്കാര്യം ഡിജിസിഎയെ അറിയിക്കുകയും ചെയ്തു. ആദ്യ ഘട്ടമെന്ന രീതിയിലാണ് നടപടി.
എയര്‍ ഇന്ത്യയുടെ ജീവനക്കാരുടെ ഭാഗത്തെ വീഴ്ചകള്‍ അന്വേഷിക്കാനും സ്ഥിതിഗതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ വൈകിയ പോരായ്മകള്‍ പരിഹരിക്കാനും ഒരു ആഭ്യന്തര കമ്മിറ്റിയെ രൂപീകരിച്ചതായും പ്രസ്താവനയില്‍ അറിയിച്ചു.ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഉച്ചയ്ക്ക് ആഹാരം നല്‍കി വിളക്കുകള്‍ അണച്ച ശേഷമായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ സീറ്റിനടുത്തേക്ക് വരികയും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ശേഷം മൂത്രമൊഴിക്കുകയും തുടര്‍ന്ന് അവിടെ തന്നെ നില്‍ക്കുകയുമായിരുന്നെന്നാണ് പരാതി. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെ നിന്ന് മാറിയതെന്നും യാത്രക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു.