ബെംഗളൂരു : മുസ്‌ലിം വിഭാഗക്കാരായ സർക്കാർ ജീവനക്കാരെ റംസാൻ മാസത്തിൽ വൈകുന്നേരം നേരത്തേ ജോലികഴിഞ്ഞ് മടങ്ങാൻ അനുവദിക്കണമെന്നാവശ്യം. നോമ്പുതുറയിലും പ്രാർഥനയിലും പങ്കെടുക്കാൻ വൈകീട്ട് നാലിന് പോകാൻ അനുവദിക്കണമെന്നാണാവശ്യം.ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി. വൈസ് പ്രസിഡന്റുമാരായ വൈ. സയ്യിദ് അഹമ്മദ്, എ.ആർ.എം. ഹുസൈൻ എന്നിവർ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാടറിയിച്ചിട്ടില്ല.
കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ മുസ്ലിം ജീവനക്കാർക്ക് ഒരുമണിക്കൂർ നേരത്തേ ഓഫീസ് വിട്ട് മടങ്ങാനനുവദിച്ച് സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു.മാർച്ച് രണ്ടുമുതൽ 31 വരെയാണ് പ്രത്യേക അനുമതി. ഇത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി. വിമർശിച്ചിരുന്നു.
എന്നാൽ, തെലങ്കാനയ്ക്കുപിന്നാലെ ടി.ഡി.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. ഭരിക്കുന്ന ആന്ധ്രാപ്രദേശും സമാനതീരുമാനമെടുത്തു. തീരുമാനത്തെ അവിടെ ബി.ജെ.പി. സ്വാഗതംചെയ്തിട്ടുണ്ട്.
മാതാവിനെ വെട്ടി, ഗ്യാസ് സിലിണ്ടറെടുത്ത് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; മലപ്പുറത്ത് 25കാരൻ പിടിയിൽ
മകൻ മാതാവിനെ വെട്ടിയും തലയ്‌ക്കടിച്ചും കൊലപ്പെടുത്തി. മലപ്പുറം തിരൂരിലാണ് സംഭവം. പൊന്മുണ്ടം കാവപ്പുര നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മകൻ മുസമ്മിലിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നത്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഇറച്ചി വ്യാപാരിയായ അബുവിന്റെ കടയിൽ നിന്ന് രാവിലെ വീട്ടിലെത്തിയ മുസമ്മിൽ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആമിനയെ വലിയ കത്തി ഉപയോഗിച്ച് വെട്ടി.
തുടർന്ന് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്ത് തലയ്‌ക്കടിച്ചു. ഇതോടെ തലയോട്ടി തകർന്ന ആമിന സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.കൊലപാതകത്തിന് ശേഷം മുസമ്മിൽ വീട്ടിൽ തുടർന്നു. പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.