Home Featured കര്‍ണാടകയില്‍ ബിജെപി ഭരണത്തില്‍ കൊല്ലപ്പെട്ട നാലുപേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം.

കര്‍ണാടകയില്‍ ബിജെപി ഭരണത്തില്‍ കൊല്ലപ്പെട്ട നാലുപേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം.

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി ഭരണത്തില്‍ കൊല്ലപ്പെട്ട മൂന്ന് മുസ് ലിം യുവാക്കള്‍ ഉള്‍പ്പെടെ നാലുപേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദക്ഷിണ കന്നഡ ജില്ലയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബിജെപി അധികാരത്തിലിരുന്ന കാലത്ത് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട മൂന്ന് മുസ് ലിം യുവാക്കളുടെയും ഒരു ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്റെയും കുടുംബങ്ങള്‍ക്കാണ് 25 ലക്ഷം രൂപ വീതം നല്‍കുക.

ബെല്ലാരെയിലെ മുഹമ്മദ് മസൂദ്, സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസില്‍, കാട്ടിപ്പള്ളയിലെ അബ്ദുല്‍ ജലീല്‍, കാട്ടിപ്പള്ളയിലെ ദീപക് റാവു എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുക.2018 ജനുവരി മൂന്നിനാണ് കാട്ടിപ്പള്ളയിലെ ദീപക് റാവു കൊല്ലപ്പെട്ടത്. ആര്‍എസ്‌എസിന്റെയും ബജ്‌റങ്ദളിന്റെയും പ്രവര്‍ത്തകനാണെന്ന് ബിജെപി അവകാശപ്പെട്ടിരുന്നെങ്കിലും കുടുംബത്തിന് അന്നത്തെ ബിജെപി സര്‍ക്കാര്‍ നഷ്ടപരിഹാരമൊന്നും നല്‍കിയിരുന്നില്ല.

2022 ഡിസംബര്‍ 24നാണ് കാട്ടിപ്പള്ളയിലെ അബ്ദുല്‍ ജലീലിനെ സംഘപരിവാര ഹിന്ദുത്വസംഘം വെട്ടിക്കൊലപ്പെടുത്തിയത്. 19 വയസ്സുകാരനായ മുഹമ്മദ് മസദിനെ 2022 ഏപ്രില്‍ 21നാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ 2022 ജൂലൈ 26ന് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവും കൊല്ലപ്പെട്ടിരുന്നു.രണ്ടുദിവസത്തിനു ശേഷം ജൂലൈ 28നാണ് സൂറത്തകല്ലിലെ തുണിക്കടയ്ക്ക് പുറത്ത് നില്‍ക്കുന്നതിനിടെ മുഹമ്മദ് ഫാസിലിനെ ഒരുസംഘം ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

എന്നാല്‍, ബിജെപി സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയപ്പോള്‍ മുസ് ലിം യുവാക്കളെ ഒഴിവാക്കിയത് ഏറെ വിമര്‍നത്തിനിടയാക്കിയിരുന്നു. 2022ല്‍ കൊല്ലപ്പെട്ട ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ ജിംഗഡെയുടെയും പ്രവീണ്‍ നെട്ടാരുവിന്റെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയപ്പോള്‍ ബെല്ലാരെയിലെ മുഹമ്മദ് മസൂദ്, സൂറത്ത്കല്ലിലെ മുഹമ്മദ് ഫാസില്‍, കാട്ടിപ്പള്ളയിലെ അബ്ദുല്‍ ജലീല്‍, കാട്ടിപ്പള്ളയിലെ ദീപക് റാവു എന്നിവര്‍ക്ക് നല്‍കിയിരുന്നില്ല.

മുസ് ലിം യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന പോലിസ് അന്വേഷിച്ചപ്പോള്‍ ഹിന്ദുത്വര്‍ കൊല്ലപ്പെട്ട കേസുകള്‍ എന്‍ ഐഎ അന്വഷിക്കുകയും യുഎപിഎ ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട മുസ് ലിം യുവാക്കളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ അക്കാലത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും ബിജെപി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും മുസ് ലിം സംഘടനകള്‍ ഈ ആവശ്യം ഉന്നിയിച്ചിരുന്നു. സംസ്ഥാന ഡിജിപി നടത്തിയ അന്വേഷണത്തില്‍ വിവേചനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നാല് കുടുംബങ്ങള്‍ക്ക് കൂടി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group