ന്യൂഡല്‍ഹി: ആറുമാസത്തെ കര്‍ണാടക സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതു മുതല്‍ സംസ്ഥാനത്തുടനീളം വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. ആറ് മാസത്തെ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള കൈപ്പുസ്തകവും ബൊമ്മൈ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കൈമാറി. ട്വിറ്ററിലൂടെ ബൊമ്മൈ തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പങ്കുവെച്ചത്.
സംസ്ഥാനത്തെയും രാജ്യതലസ്ഥാനത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങളില്‍ താനുമായി ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തിയ അമിത് ഷാക്ക് ബൊമ്മൈ ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ബൊമ്മൈ സര്‍ക്കാര്‍ ആവിഷ്കരിച്ച ക്ഷേമപദ്ധതികളുടെ സ്വാധീനത്തെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചേഞ്ചിന്‍റെ പഠന റിപ്പോര്‍ട്ടും അമിത് ഷാക്ക് നല്‍കിയതായി ബൊമ്മൈ ട്വീറ്റില്‍ സൂചിപ്പിച്ചു. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക മുഖ്യമന്ത്രിയെടക്കം സ്ഥാനത്ത് നിന്ന് മാറ്റി പുതിയ നേത്യത്വത്തെകൊണ്ടു വരാന്‍ ബി.ജെ.പി പദ്ധതിയിടുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.