ബെംഗളൂരു: പ്രകടനം മോശമായ കൂറുമാറ്റക്കാരിൽ ചിലരെയും മുതിർന്ന ചിലരെയും മന്ത്രി സ്ഥാനത്തു നിന്നു നീക്കിയേക്കുംമെന്ന അഭ്യൂഹം ശക്തമായതോടെ മന്ത്രിസഭാ പുനഃസംഘടനയിൽ ഇടംപിടിക്കാനുള്ള കരുനീക്കം സജീവമായി.
ബൊമ്മെ സർക്കാരിലെ 5 ഒഴിവുകൾക്കു പുറമേ, 8 മന്ത്രിമാരെ കൂടി നീക്കി 13 പേർക്ക് പുതുതായി അവസരം നൽകിയേക്കുമെന്നാണു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയുടെ മുഖം നന്നാക്കലിന്റെ കൂടി ഭാഗമാകും കേന്ദ്ര നേതൃത്വത്തെ ഇടപെടുത്തിയുള്ള മന്ത്രിസഭാ വികസനവും പുനഃസംഘടനയും മാറി നിൽക്കേണ്ടവർക്ക് ഇതിനോടകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന കൈമാറിയിട്ടുണ്ട്.
സംസ്ഥാന നിർവാഹക സമിതിയിൽ പങ്കെടുക്കാനായി ദേശീയ അധ്യക്ഷൻ ജെ.പി.നഡയുടെ സന്ദർശനത്തിനു പിന്നാലെയാണ് ഈ നീക്കങ്ങൾ ശക്തമായത്.
യെഡിയൂരപ്പയുടെ മകനും ബി ജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ.വിജയേന്ദ്ര, വിഡിയോ വിവാദത്തിൽ പെട്ട് മന്ത്രിസ്ഥാനം രാജിവച്ച രമേഷ് ജാർക്കിഹോളി എന്നുവരെ മന്ത്രി സഭയിലെടുക്കാൻ കടുത്ത സമ്മർദമുണ്ട്.