Home Featured ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം ;ഇരട്ട തുരങ്കപാത പദ്ധതിക്ക് കർണാടക മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം ;ഇരട്ട തുരങ്കപാത പദ്ധതിക്ക് കർണാടക മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട തുരങ്കപാത പദ്ധതിക്ക് കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ സ്വപ്ന പദ്ധതി കൂടിയാണ് തുരങ്കപാത. 12,690 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി വിവിധ ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. തുരങ്കപാത പദ്ധതിക്ക് മന്ത്രിസഭ ഭരണാനുമതി നൽകിയെന്നും ടെൻഡർ ഉടൻ ക്ഷണിക്കുമെന്നും മന്ത്രി എച്ച്കെ പാട്ടീൽ അറിയിച്ചു.ഹെബ്ബാൾ ഫ്ലൈഓവറിൽനിന്ന് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലേക്ക് 18.5 കിലോമീറ്റർ നീളത്തിൽ ഇരട്ട തുരങ്കം (ട്വിൻ ട്യൂബ്) നിർമിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.

ഈ പാതയിൽ വാഹനങ്ങൾക്കായി അഞ്ച് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ ഉണ്ടാകും. സെൻട്രൽ സിൽക്ക് ബോർഡിലെ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് ക്വാർട്ടേഴ്സ്, ലാൽബാഗ്, ബെംഗളൂരു ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്സ്, ഹെബ്ബാൾ ഫ്ലൈഓവറിന് സമീപം എസ്റ്റീം മാളിനോട് ചേ‍ർന്നുള്ള ഒഴിഞ്ഞ സർക്കാർ ഭൂമി എന്നിവിടങ്ങളിലാണ് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ നിർമിക്കാൻ ആലോചിക്കുന്നത്. ഇവയെല്ലാം സ‍ർക്കാരിൻ്റെ ഉടമസ്ഥതയിലായതിനാൽ ഭൂമിയേറ്റെടുപ്പ് നടപടികൾ എളുപ്പമായേക്കും.നഗരത്തിൻ്റെ വടക്ക് – തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഹെബ്ബാൾ ഫ്ലൈഓവറിൽനിന്ന് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലേക്കുള്ള തുരങ്കപാത.

പാതയുടെ ആകെ നീളം 24.5 കിലോമീറ്ററാണ്. ഒന്നാംഘട്ടത്തിൽ 18.5 കിലോമീറ്റർ നിർമാണത്തിന് 12,690 കോടി രൂപ ചെലവാകുമെന്നാണ് ഡൽഹി കേന്ദ്രീകരിച്ചുള്ള ഏജൻസി തയ്യാറാക്കിയ സാധ്യതാ പഠനം റിപ്പോർട്ട് വ്യക്തമാക്കുന്നത്.ഒരു കിലോമീറ്റ‍ർ നിർമാണത്തിന് 600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നഗരത്തിൻ്റെ കിഴക്ക് – പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന കെആർ പുരം – മൈസൂരു റോഡ് റൂട്ടിൽ 30 കിലോമീറ്റർ ഇരട്ട തുരങ്കം നിർമിക്കുകയാണ് അടുത്ത ഘട്ടം. ഇതിന് 18,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. രണ്ട് ഇടനാഴികളുടെയും ആകെ നീളം 54.5 കിലോമീറ്ററാണ്.

പദ്ധതിയുടെ പൂർത്തീകരണത്തിന് 32,700 കോടി രൂപയാണ് ചെലവ്.നിർദിഷ്ട തുരങ്കപാത ഗതാഗതയോഗ്യമാകുന്നതോടെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. എന്നാൽ സർക്കാരിൻ്റെ വാദത്തെ ഖണ്ഡിക്കുന്ന വിദഗ്ധ‍ർ, തുരങ്കപാത യാഥാർഥ്യമായാൽ ഗതാഗതക്കുരുക്ക് കൂടുതൽ വഷളാകുമെന്ന് അഭിപ്രായപ്പെടുന്നു.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് കാരണം കാര്യക്ഷമമായ പൊതുഗതാഗത സൗകര്യങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ അമിതാശ്രയത്വവുമാണെന്നാണ് വിദഗ്ധരുടെ പക്ഷം. കൂടുതൽ റോഡുകൾ നിർമിക്കുന്നതിലൂടെ കൂടുതൽ വാഹനങ്ങൾ സ്വന്തമാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക മാത്രമാണെന്നും അവ‍ർ അഭിപ്രായപ്പെടുന്നു

You may also like

error: Content is protected !!
Join Our WhatsApp Group