Home Featured കർണാടക ബജറ്റ്: നഗരത്തിന് വാഗ്ദാനങ്ങളേറെ : മെട്രോ തുമകൂരുവിലേക്ക് നീട്ടും;ഹെബ്ബാളിൽ ടണൽ റോഡ്… കൂടുതൽ വായിക്കാം.

കർണാടക ബജറ്റ്: നഗരത്തിന് വാഗ്ദാനങ്ങളേറെ : മെട്രോ തുമകൂരുവിലേക്ക് നീട്ടും;ഹെബ്ബാളിൽ ടണൽ റോഡ്… കൂടുതൽ വായിക്കാം.

ബെംഗളൂരു: മെട്രോ തുമകൂരുവിലേക്ക് ദീർഘിപ്പിക്കുമെന്നതും ഹെബ്ബാളിൽ തുരങ്കപാത നിർമിക്കുമെന്നുമുൾപ്പെടെയുള്ള ബജറ്റിലെ വാഗ്ദാനങ്ങളിൽ പ്രതീക്ഷയോടെ നഗരം. ബെംഗളൂരുവിന്റെ മുഖച്ഛായതന്നെ മാറ്റാൻ കഴിവുള്ള പദ്ധതികൾ ഏറെക്കാലമായി നഗരവാസികളുന്നയിച്ചുവരുന്ന പ്രധാന ആവശ്യങ്ങളാണ്.തുമകൂരുവിലേക്കുള്ള മെട്രോപ്പാതയ്ക്ക് പുറമേ ദേവനഹള്ളിയിലേക്കും മെട്രോപാതവരുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ടുപാതകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമിക്കുകയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി.

നിലവിൽ നാഗസാന്ദ്ര മുതൽ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ (ബി.ഐ.ഇ.സി.) വരെയുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. ബി.ഐ.ഇ.സി.യിൽനിന്നാണ് തുമകൂരുവിലേക്ക് പാത ദീർഘിപ്പിക്കുക. ഇതോടെ ഐ.ടി.കമ്പനികൾ ഉൾപ്പെടെ ഒട്ടേറെസ്ഥാപനങ്ങൾ തുമകൂരുവിലും പരിസരപ്രദേശങ്ങളിലും പ്രവർത്തനം തുടങ്ങുമെന്നും ഒട്ടേറെ തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുമെന്നുമാണ് വിലയിരുത്തൽ.ബെംഗളൂരു വിമാനത്താവളത്തിൽനിന്നായിരിക്കും ദേവനഹള്ളിയിലേക്ക് പാത ദീർഘിപ്പിക്കുക.

വിമാനത്താവളത്തിലേക്കുള്ള മെട്രോപാതയുടെ നിർമാണം 2026 ജൂണിൽ പൂർത്തിയാകുമെന്നാണ് മെട്രോ അധികൃതരുടെ പ്രഖ്യാപനം. ഇതിനുശേഷമായിരിക്കും ദേവനഹള്ളി മെട്രോ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങുക.ഹെബ്ബാളിലെ തുരങ്കപാതയാണ് നഗരത്തെ സംബന്ധിച്ച് ബജറ്റിലെ മറ്റൊരു പ്രധാനപ്രഖ്യാപനം. നിലവിലുള്ള റോഡുകളുടെ വീതി വർധിപ്പിക്കാനോ പുതിയറോഡുകൾ നിർമിക്കാനോ കഴിയാത്തസാഹചര്യത്തിലാണ് തുരങ്കപാതയെന്ന ആശയവുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.

പരീക്ഷണാടിസ്ഥാനത്തിലാണ് ഈ തുരങ്കപാത നിർമിക്കുന്നത്. വിജയകരമായാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മറ്റ് ജങ്ഷനുകളിലും സമാനമായ രീതിയിൽ തുരങ്കപാത നിർമിക്കും. നിലവിൽ നഗരത്തിൽ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ഹെബ്ബാൾ.

എക്‌സൈസിൽനിന്ന് ലക്ഷ്യമിടുന്നത് 38,525 കോടി:എക്സൈസിൽനിന്ന് 2023-24 വർഷം ജനുവരി വരെ 28,281 കോടി രൂപ നികുതിവരുമാനം ലഭിച്ചെന്നും 2024-25 വർഷം 38,525 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ഗണ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.കുട്ടികളിൽ സാമൂഹിക ഐക്യം, സഹവർത്തിത്വം, ശാസ്ത്രീയ സ്വഭാവം എന്നിവ വളർത്താൻ ലക്ഷ്യമിട്ട് എല്ലാ സ്കൂളുകളിലും കോളേജുകളിലും ‘നാവു മനുജരു’ (നമ്മൾ മനുഷ്യർ) എന്ന പേരിൽ ക്ലാസ് നടത്തും. എല്ലാ ആഴ്ചയും രണ്ടു മണിക്കൂറാകും ക്ലാസുണ്ടാവുക. 3,71,383 കോടി രൂപയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്ന ചെലവ്. സിദ്ധരാമയ്യയുടെ 15-ാം ബജറ്റവതരണമാണ് നടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group