തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചത് പുതിയ തീരുമാനമല്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്.ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നേരത്തെ തന്നെയുണ്ടായിരുന്ന സമയക്രമം സംസ്ഥാനത്തുട നീളം ഏകീകരിക്കുക മാത്രമാണ് ചെയ്തത്. അയല്‍ സംസ്ഥാനങ്ങളിലെ സമയക്രമവും സംസ്ഥാനത്തെ ടൂറിസം മേഖലയുടെ താല്‍പ്പര്യങ്ങളും പരിഗണിച്ചാണ് ബാറുകള്‍ രാത്രി 12 മണി വരെ തുറക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.കർണാടകയില്‍ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതല്‍ രാത്രി 12വരെയും ബെംഗളൂരുവില്‍ 9 മുതല്‍ ഒരുമണിവരെയും ആന്ധ്രയില്‍ 10 മുതല്‍ 12 വരെയുമാണ്. ബാർ പ്രവർത്തന സമയം ദീർഘിപ്പിച്ചതല്ല ഏകീകരിച്ചതാണ്. ടൂറിസം കേന്ദ്രങ്ങളില്‍ നേരത്തേ അനുവദിച്ച സമയം മറ്റുള്ളവർക്കു കൂടി ബാധകമാക്കുകയായിരുന്നു. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബാർ ഫീസ് വാങ്ങി കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പിക്കുന്നുവെന്ന പരാതി കുറേക്കാലമായി സർക്കാരിന്റെ മുന്നിലുള്ളതെന്ന് എക്സൈസ് മന്ത്രി അറിയിച്ചു.കേരളത്തില്‍ 35 ലക്ഷം എന്നത് ഏകീകൃത നിരക്കാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി കേരളത്തിലാണ്. ടൂറിസം കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ടുള്ള ഇളവുകളാണ് ബാറുകള്‍ക്കു നല്‍കുന്നത്. മീറ്റിങ്ങുകള്‍, കോണ്‍ഫറൻസുകള്‍ എന്നിവ വരുമ്പോള്‍ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തില്‍ മദ്യവിതരണത്തിന് ഇളവ് നല്‍കാൻ തീരുമാനിച്ചിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ക്ക് അധികം തുക അടച്ചാല്‍ പുലർച്ചെ മൂന്നുവരെ ബാറുകള്‍ പ്രവർത്തിപ്പിക്കാമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ബാർ സമയം കൂട്ടാൻ ഫയല്‍ തിടുക്കത്തില്‍ ഒപ്പിട്ടുവെന്ന ആരോപണം ശരിയല്ല. വളരെ സാവധാനമാണ് ഫയല്‍ നീങ്ങിയത്. അല്ലെങ്കില്‍ ഒക്ടോബറില്‍ തന്നെ തീരുമാനമുണ്ടാകുമായിരുന്നു. പ്രതിപക്ഷത്തിനും ഇത് അറിയാമായിരുന്നു. അനുകൂല നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയം. മദ്യനിരോധനം ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ല. മദ്യം ലഭിക്കുന്നുണ്ടെങ്കില്‍ അതു വേണ്ട എന്നു വച്ചാല്‍ മതി. മദ്യ വ്യവസായം ഈ സർക്കാർ കണ്ടുപിടിച്ചതല്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളുടെ സ്ഥിതി എന്താണെന്ന് മന്ത്രി ചോദിച്ചു. സമയമാറ്റത്തില്‍ പ്രതിപക്ഷം നേരത്തെ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. വിനോദസഞ്ചാര മേഖലയെ സഹായിക്കാനാണ് 12 മണിവരെ സമയം നീട്ടിയതെന്നും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക – ടൂറിസം മേഖലയുടെ വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു.
കര്‍ണാടകയിലെ ബാര്‍ സമയം 9 മുതല്‍ രാത്രി 12വരെ; ബെംഗളൂരുവില്‍ 9 മുതല്‍, ആന്ധ്രയില്‍ 10 മുതല്‍ രാത്രി 12വരെയുമെന്ന് മന്ത്രി എംബി രാജേഷ്
previous post