ബംഗുളൂരു: ഹുക്ക ഉത്പന്നങ്ങളുടെ വില്‍പനയും ഉപയോഗവും കർണാടക സർക്കാർ നിരോധിച്ചു. എല്ലാവിധ ഹുക്ക ഉത്പന്നങ്ങളുടെയും വില്‍പന, വാങ്ങല്‍, പ്രചാരണം, വിപണനം, ഉപയോഗം എന്നിവ നിരോധിച്ചതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു.പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്താണീ നടപടി.45 മിനിറ്റ് ഹുക്ക വലിക്കുന്നത്100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് കണ്ടെത്തിയ ചില പഠനങ്ങള്‍ പുറത്തുവന്നിരുന്നു. ഈ വിഷയവും സർക്കാർ ഉത്തരവില്‍ ചണ്ടികാണിക്കുന്നു.
ഇതിനകം തന്നെ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ഹുക്ക നിരോധിച്ചിട്ടുണ്ട്.നിരോധനം ലംഘിക്കുന്നവർക്കെതിരെ സി.ഒ.ടി.പി.എ (സിഗരറ്റ് ആൻഡ് പുകയില ഉല്‍പന്നങ്ങള്‍ നിയമം) 2003, ചൈല്‍ഡ് കെയർ ആന്‍റ് പ്രൊട്ടക്ഷൻ ആക്റ്റ് 2015, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി ആക്റ്റ് 2006, കർണാടക വിഷം (കൈവശം വെക്കുകയും വില്‍പനയും) ചട്ടങ്ങള്‍ 2015 എന്നിവ അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തപ്പെടുമെന്നാണ് അറിയിപ്പ്.കഴിഞ്ഞ വർഷം ബംഗുളൂരുവിലെ ഹുക്ക ബാറിലുണ്ടായ തീപിടിത്തം കണക്കിലെടുത്ത് സർക്കാർ ഈ നടപടിയില്‍ അഗ്നി സുരക്ഷാ നിയമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹുക്ക ബാർ അഗ്നി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. നമ്മുടെ ഭാവി തലമുറകള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായാണീ നടപടിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.2023 സെപ്റ്റംബറില്‍, ഹുക്ക നിരോധിക്കാനും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയർത്താനും കർണാടക സർക്കാർ തീരുമാനിച്ചിരുന്നു.സിഗരറ്റ് പോലുള്ള പുകയില ഉല്‍പന്നങ്ങളോടുള്ള ആസക്തി പലപ്പോഴും മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ദുരുപയോഗത്തിലേക്ക് നയിക്കുന്നുവെന്ന സാഹചര്യത്തില്‍ കർണാടക സർക്കാർ ഏറെ കരുതലോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തത്. ഹുക്കയില്‍ ഉപയോഗിക്കുന്ന ചില ചേരുവകള്‍ ആസക്തിയിലേക്ക് നയിക്കുന്നതായി നേരത്തെ തന്നെ ആരോഗ്യരംഗത്തുള്ളവർ ചൂണ്ടികാണിച്ചിരുന്നു.
പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം; റോഡില്‍ കസേരയിട്ടിരുന്ന് തൊണ്ണൂറുകാരിയുടെ പ്രതിഷേധം
അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതില്‍ പ്രതിഷേധിച്ച് റോഡില്‍ കസേരയിട്ടിരുന്ന് വയോധിക. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റോഡില്‍ ബുധനാഴ്ച കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്.പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന്‍ മായനും അറിയിച്ചു. കിടപ്പു രോഗിയായിട്ടും വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടപടിയും നടത്തിയിട്ടില്ലെന്നും മായൻ കൂട്ടിച്ചേർത്തു.പ്രതിഷേധത്തെ തുടർന്ന് റോഡില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു. ഇതോടെ വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്‌പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.