ബംഗളൂരു: 640 സ്ക്വയര്‍ കിലോമീറ്ററുള്ള നാഗര്‍ഹോള ദേശീയ കടുവ സങ്കേതത്തിന്‍റെ (രാജീവ് ഗാന്ധി നാഷനല്‍ പാര്‍ക്ക്) പരിധിയിലൂടെ കടന്നുപോകുന്ന അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്ക് കര്‍ണാടക പ്രവേശന ഫീസ് ഈടാക്കിത്തുടങ്ങി.സങ്കേതത്തിന്‍റെ പരിധിയില്‍ വരുന്ന സംസ്ഥാന-ജില്ല പാതകള്‍ വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കാണിത് ബാധകം. മാനന്തവാടി-ബാവലി, ബാവലി-ഹുന്‍സൂര്‍, ബാവലി-കല്ലട്ടി വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ പ്രവേശന ഫീസ് നല്‍കേണ്ടിവരും.
കര്‍ണാടക വനം വന്യജീവി വകുപ്പിന്‍റേതാണ് പുതിയ തീരുമാനം. ഇതുപ്രകാരം കുടക് -മൈസൂര്‍ അതിര്‍ത്തിയായ ആനചൗക്കൂര്‍ ചെക്പോസ്റ്റിലും വയനാട്-മൈസൂര്‍ അതിര്‍ത്തിയായ ബാവലി ചെക്പോസ്റ്റിലും ഫെബ്രുവരി ഒന്നുമുതല്‍ പ്രവേശനഫീസ് ഈടാക്കിത്തുടങ്ങി. ചെറുവാഹനങ്ങള്‍ക്ക് 20 രൂപയും ലോറി, ബസ് എന്നിവക്ക് 50 രൂപയുമാണ് ഫീസ്.ഇതുസംബന്ധിച്ച് കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് നാഗര്‍ഹോള ദേശീയോദ്യാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഉത്തരവ് ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കേരളത്തില്‍നിന്നും നാഗര്‍ഹോള വനമേഖല വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നത് പ്രധാനമായും ബാവലി വഴിയാണ്. വിനോദസഞ്ചാരകേന്ദ്രമായ കബനിയിലേക്കുള്ള വഴിയും ഇതിലൂടെയാണ് . മറ്റുപ്രവേശന ചെക്പോസ്റ്റുകളായ നാണച്ചി, ഉദ്ദൂര്‍, കാര്‍മാട്, കല്ലിഹട്ടി, വീരനഹോസെ ഹള്ളി, ആനചൗക്കൂര്‍ എന്നിവിടങ്ങളിലെത്തുന്ന അന്തര്‍സംസ്ഥാനവാഹനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഫീസ് ഈടാക്കും.
സങ്കേതത്തിനുള്ളില്‍ സഞ്ചാരികള്‍ ഏറെ എത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രദേശങ്ങളായ ദമ്മനഹട്ട, നാണച്ചി എന്നിവിടങ്ങളില്‍ പാര്‍ക്കിങ്ങിന് ചെറിയ വാഹനങ്ങള്‍ക്ക് 50 രൂപ, വലിയ വാഹനങ്ങള്‍ക്ക് 100 രൂപ എന്നിങ്ങനെ ഈടാക്കുകയും ചെയ്യും.റോഡുമായി ബന്ധപ്പെട്ട വികസനത്തിനും പ്രദേശത്തെ ശുചിത്വം നിലനിര്‍ത്തുന്നതിനുമായാണ് പുതുതായി പ്രവേശന ഫീസ് ഈടാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് നാഗര്‍ഹോള കടുവ സങ്കേതത്തിലൂടെ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നത്.
മൈസൂരുവില്‍ പുലികളെ പിടിക്കാന്‍ ദൗത്യസേന രൂപവത്കരിക്കും
ബംഗളൂരു: മൈസൂരുവില്‍ പുലി ദൗത്യസേന (ലെപേഡ് ടാസ്ക് ഫോഴ്സ്) രൂപവത്കരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.മൈസൂരു ഡിവിഷനില്‍ ടി. നരസിപുര, നഞ്ചന്‍കോട്, സരഗുര്‍, എച്ച്.ഡി കോട്ടെ താലൂക്കുകളിലും മാണ്ഡ്യ ഡിവിഷനില്‍ പാണ്ഡവപുര, നാഗമംഗല താലൂക്കുകളിലും പുലിയിറങ്ങുകയും ഗ്രാമവാസികളെയും വളര്‍ത്തുമൃഗങ്ങളെയും കൊലപ്പെടുത്തുന്ന കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ദൗത്യസേന രൂപവത്കരിക്കുന്നത്. കര്‍ണാടക വനം വകുപ്പിന്റെ മൈസൂര്‍ സര്‍ക്കിളിലാണ് ഈ മേഖലകള്‍ ഉള്‍പ്പെടുന്നത്.
ടി. നരസിപുരയില്‍ ജനുവരി 21ന് ഹൊരലഹള്ളി വില്ലേജിലെ ജയന്ത് എന്ന 11 കാരനും 20ന് സിദ്ധമ്മ എന്ന വയോധികയും കഴിഞ്ഞ ഒക്ടോബര്‍ 31ന് കോളജ് വിദ്യാര്‍ഥിയായ മഞ്ജുനാഥും ഡിസംബറില്‍ കോളജ് വിദ്യാര്‍ഥിനിയായ മേഘ്നയും പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് വനംവകുപ്പ് നടത്തിയ ഓപറേഷനില്‍ നാട്ടലിറങ്ങിയ പുലികളെ പിടികൂടിയിരുന്നു. തുടര്‍ന്നാണ് വനം വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ മൈസൂരു ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.വി. രാജേന്ദ്രയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേര്‍ന്നത്.
ഈ യോഗത്തില്‍ പുലി ദൗത്യ സംഘം രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം വനം-പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗീത എം. പാട്ടീല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. മൈസൂരു സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററുടെ നിര്‍ദേശപ്രകാരമാകും പുലി ദൗത്യസേന പ്രവര്‍ത്തിക്കുകയെന്ന് ഉത്തരവില്‍ പറയുന്നു.മൈസൂരു ഡിവിഷന്‍ വന്യജീവി വിഭാഗം ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററും മൈസൂരു ഡിവിഷന്‍ റീജനല്‍ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററും നയിക്കുന്ന നാലു ടീമുകളായാണ് ദൗത്യസംഘം ഓപറേഷനുകളില്‍ പങ്കെടുക്കുക.
റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരും എട്ടു പട്രോളിങ് ഫോറസ്റ്റ് ഗാര്‍ഡുകളും 40 എല്‍.ടി.എഫ് സഹായികളുമടക്കം 58 പേര്‍ ഉള്‍ക്കൊള്ളുന്നതാണ് പുലി ദൗത്യസേന. പുലി ദൗത്യ സേനയിലേക്കുള്ള 40 സഹായികളെ പുറമെനിന്ന് റിക്രൂട്ട് ചെയ്യും.ഓരോ ടീമിലും രണ്ടു ഫോറസ്റ്റ് പട്രോളിങ് ഗാര്‍ഡുമാരും ഒരു ഡ്രൈവറും 10 എല്‍.ടി.എഫ് സഹായികളുമുണ്ടാവും. പുലിസാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാന്‍ മൈസൂരു ആരണ്യ ഭവനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും.പതിവായി പുലിയുടെ സാന്നിധ്യം കണ്ടെത്തുന്ന മേഖലകളില്‍ സംഘം പട്രോളിങ് നടത്തും. വനാതിര്‍ത്തികളിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും സന്ദര്‍ശനം നടത്തും. വാഹനങ്ങളും സെര്‍ച് ലൈറ്റുകളും അപായ സൈറണ്‍ സംവിധാനവുമടക്കമുള്ള സാമഗ്രികള്‍ ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കൈമാറും
മൈസൂരു മേഖലയില്‍ മാത്രം കഴിഞ്ഞ ഏപ്രില്‍മുതല്‍ 33 പുലികളെയാണ് പിടികൂടി രക്ഷപ്പെടുത്തിയത്. ഇതില്‍ 12 എണ്ണത്തെ ടി. നരസിപുരയില്‍നിന്നാണ് കണ്ടെത്തിയത്.