Home Featured ഇന്ന് കര്‍ക്കടകം ഒന്ന്, രാമായണ മാസത്തിനു തുടക്കം;എന്നാണ് കര്‍ക്കിടക വാവ്?

ഇന്ന് കര്‍ക്കടകം ഒന്ന്, രാമായണ മാസത്തിനു തുടക്കം;എന്നാണ് കര്‍ക്കിടക വാവ്?

കര്‍ക്കടക മാസം രാമായണ മാസമായി നാം ആചരിക്കുന്നു. കൊല്ല വര്‍ഷം അനുസരിച്ച്‌ അവസാനമാസമാണ് കര്‍ക്കടകം. ‘ആണ്ടറുതി മാസം ‘ എന്നാണ് കര്‍ക്കടകം അറിയപ്പെടുന്നത്. തൊട്ടടുത്ത ചിങ്ങമാസം തുടങ്ങുന്നതോടെ 1198 എന്ന പുതുവര്‍ഷം പിറക്കുകയായി.

കര്‍ക്കടകം ഒന്നിന് രാവിലെ കുളിച്ച്‌ ശുദ്ധമായി ദീപം തെളിച്ച്‌ രാമായണം തൊട്ട് വന്ദിച്ച്‌ വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്ബോള്‍ രാമായണം വായിച്ച്‌ തീര്‍ക്കണം. രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം സമ്മാനിക്കും. രാമായണ പാരായണം സകല ദോഷങ്ങള്‍ക്കുമുള്ള പരിഹാരമാണ്.

രാമന്റെ അയനമാണ് രാമായണം. അയനം എന്നാല്‍ വഴി എന്നര്‍ഥം. ബ്രഹ്‌മാവിന്റെ ഉപദേശ പ്രകാരം അഞ്ചൂറ് അധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകം കൊണ്ട് വാല്മീകി മഹര്‍ഷി ശ്രീരാമന്റെ ചരിതമായ രാമായണം രചിച്ചു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്.

എന്നാണ് കര്‍ക്കിടക വാവ്?

കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാലാണ് കര്‍ക്കിടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ഇത്തവണ ജൂലൈ 28 നാണ് കര്‍ക്കിടക വാവ്. അന്നാണ് ദക്ഷിണായനത്തിലെ ആദ്യ അമാവാസി.

രാമായണ പാരായണ രീതി എങ്ങനെ?

കുളിച്ച്‌ ദേഹ ശുദ്ധിവരുത്തിയശേഷംവേണം പാരായണം. ശുഭ്ര വസ്‌ത്രം ധരിക്കണം. നെറ്റിയില്‍ ഭസ്‌മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വച്ച്‌ കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. വെറും നിലത്തിരുന്ന് വായിക്കരുത്. തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. അശുഭ സംഭവങ്ങള്‍ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമര്‍പ്പിക്കേണ്ടത്.

രാമായണ പാരായണം ഓണ്‍ലൈനില്‍

ജീവിതത്തിരക്കിനിടയില്‍ രാമായണ പാരായണത്തിനു സമയം ലഭിക്കാത്തവര്‍ക്ക് ഓണ്‍ലൈനില്‍ രാമായണ പാരായണം കേള്‍ക്കാം. കര്‍ക്കിടക മാസത്തിലെ ഓരോ ദിവസവും പാ‍രായണം ചെയ്യേണ്ട ഭാഗം ഓണ്‍ലൈന്‍ ലഭ്യമാണ്. 

You may also like

error: Content is protected !!
Join Our WhatsApp Group