കര്‍ണാടക : മകനെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളിയ പിതാവ് പിടിയില്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ സെട്ടി മാഡമംഗല ഗ്രാമത്തിലാണ് സംഭവം. 12 കാരനായ നിഖില്‍ കുമാറാണ് മരിച്ചത്. പിതാവ് 32കാരനായ മണികണ്ഠയാണ് ക്രൂരകൃത്യം ചെയ്തത്.
ബാര്‍ബര്‍ തൊഴിലാളിയായ മണികണ്ഠ ക്രിക്കറ്റ് വാതുവെപ്പിന് അടിമയായിരുന്നു. ഐ.പി.എല്‍ ടൂര്‍ണമെന്റിനിടെ വാതുവെപ്പില്‍ ഇയാള്‍ക്ക് ധാരാളം പണം നഷ്ടമായിരുന്നു. ഇക്കാര്യം അറിഞ്ഞ മകന്‍ വിവരം അമ്മയെ അറിയിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കായി. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയത്.
മണികണ്ഠ പലരില്‍ നിന്നായി പണം കടം വാങ്ങിയായിരുന്നു വാതുവയ്പ്പില്‍ പണമിറക്കിയത്. പിന്നാലെ നിരവധി പേര്‍ ഇയാളുടെ ബാര്‍ബര്‍ ഷോപ്പിലെത്തി പണം തിരികെ ചോദിക്കുന്നത് ദിവസവും കുട്ടി കാണാറുണ്ട്. ഈ വിവരം കുട്ടി അമ്മയോട് പറഞ്ഞു. ഭാര്യ, പണം നഷ്ടപ്പെട്ട കാര്യം മണികണ്ഠയോട് ചോദിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യം പറഞ്ഞു വഴക്കായി.
നിഖിലിനെ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം ഗ്രാമത്തിലെ വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.