ബെംഗളൂരു: കര്‍ണാടകയിലെ ബീഫ് നിരോധന നിയമത്തിനെതിരെ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. താന്‍ ഒരു ഹിന്ദുവാണെന്നും വേണമെങ്കില്‍ താന്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുംകുരു ജില്ലയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബീഫ് തിന്നുന്നവര്‍ ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഒരു ഹിന്ദുവാണ്. ഇതുവരെ ഞാന്‍ ബീഫ് കഴിച്ചിട്ടില്ല. എന്നാല്‍ എനിക്ക് കഴിക്കണമെന്ന് തോന്നിയാല്‍ ഞാന്‍ കഴിക്കും. നിങ്ങളാരാണ് എന്നെ ചോദ്യം ചെയ്യാന്‍’ സിദ്ധ രാമയ്യ ചോദിച്ചു. ബീഫ് കഴിക്കുന്നത് ഒരു സമുദായത്തില്‍ പെട്ടവര്‍ മാത്രമല്ല. ഹിന്ദുക്കളും ബീഫ് കഴിക്കും. ക്രിസ്ത്യാനികളും കഴിക്കും. കര്‍ണാടക നിയമസഭയില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നോട് ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങളാരാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ആര്‍.എസ്.എസ് മതങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഒരു സമുദായത്തില്‍ പെട്ടവര്‍ മാത്രമല്ല ബീഫ് കഴിക്കുന്നത്. ഹിന്ദുക്കള്‍ക്കിടയിലും ക്രിസ്ത്യാനികള്‍ക്കിടയിലും ബീഫ് കഴിക്കുന്നവരുണ്ട്. ഇതൊരു ഭക്ഷണ ശീലമാണെന്നും അത് തന്റെ അവകാശമാണെന്നും തനിക്ക് വേണമെങ്കില്‍ ബീഫ് കഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ജനുവരിയിലാണ് ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ ബീഫ് നിരോധന നിയമം നടപ്പാക്കിയത്. ഈ നിയമം വഴി സംസ്ഥാനത്ത് എല്ലാത്തരം കന്നുകാലികളെയും വാങ്ങുന്നതും വില്‍ക്കുന്നതും കൊണ്ടുപോകുന്നതും കശാപ്പുചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 50,000 മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.