മൈസൂരു: പശ്ചിമബംഗാള്‍ മാതൃകയില്‍ കർണാടകയിലെ ഓൾഡ് മൈസൂർ മേഖലയിലും പ്രബലകക്ഷിയാകാനുള്ള ബി ജെ പിയുടെ പദ്ധതി പരാജയപ്പെടുമെന്ന് മുൻ മുഖ്യമന്ത്രിയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. പശ്ചിമ ബംഗാളിന്റെ നിയന്ത്രണം തൃണമൂൽ കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാൻ ബി ജെ പി പല വിധത്തിലുള്ള പ്രചാരണങ്ങളായിരുന്നു അഴിച്ചു വിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അവർ അവിടെ പരാജയപ്പെട്ടു. സമാനമായ സാഹചര്യമായിരിക്കും ഓള്‍ഡ് മൈസൂർ മേഖലയിലും ബി ജെ പിക്ക് നേരിടേണ്ടി വരികയെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടിറങ്ങിയായിരുന്നു ബംഗാളില്‍ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ഇതൊന്നും അവിടെ ഫലം കണ്ടില്ല. ജനങ്ങളെ വിഭിച്ചിച്ചുകൊണ്ട് നേട്ടമുണ്ടാക്കാനുള്ള ശ്രമാണ് ബി ജെ പി സംസ്ഥാന നേതൃത്വം നടത്തുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇതെല്ലാം. എന്നാല്‍ അതൊന്നും നടക്കാന്‍ പോവുന്നില്ലെന്നും സിദ്ധരാമയ്യ
“ബി ജെ പി സർക്കാർ ഒരു സമുദായത്തെ ലക്ഷ്യമിടുന്നുവെന്നത് വ്യക്തമാണ്, ഇത് വിവേചനത്തിന് തുല്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേട്ടം കൊയ്യാൻ വർഗീയ വിദ്വേഷത്തിന് മൂർച്ച കൂട്ടാനാണ് ബി ജെ പി ശ്രമിക്കുന്നത്.” – ബെംഗളൂരുവിലെ മുസ്ലീം സമുദായത്തിലെ വ്യാപാരികൾക്ക് നോട്ടീസ് നൽകിയതിന് സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് സിദ്ധരാമയ്യ വ്യക്തമാക്കി. മത്സരിക്കാൻ ഒരു മണ്ഡലം കണ്ടെത്താൻ താൻ പാടുപെടുന്നുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താൻ ബദാമിയുടെ പ്രതിനിധിയാണെന്നും അതേ സീറ്റിൽ തന്നെ വീണ്ടും മത്സരിക്കാമെന്നും വ്യക്തമാക്കിയതാണ്. 20 അസംബ്ലി മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകർ അവരവരുടെ സെഗ്‌മെന്റിൽ നിന്ന് മത്സരിക്കാൻ എന്നോട് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാണ്ഡ്യ എംപി സുമലത അംബരീഷിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ അവരോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ തത്വങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാണെങ്കിൽ പാർട്ടിയിൽ ചേരുന്നത് സ്വാഗതം ചെയ്യുന്നുവെന്നും സിന്ധരാമയ്യ വ്യക്തമാക്കി.
അതേസമയം, 224 സീറ്റുകളിൽ 150 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തിലെത്താന്‍ പ്രധാനമായും നാല് മേഖകള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാനത്തുടനീളം യാത്ര ചെയ്യാൻ നിയോഗിക്കപ്പെട്ട മുതിർന്ന നേതാക്കളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങള്‍ കണ്ടെത്തിയത്.
ബി ജെ പി ഏറ്റവും പ്രധാനമായി വളർച്ച ലക്ഷ്യം വെക്കുന്ന മേഖലയാണ് ഓള്‍ഡ് മൈസൂർ മേഖല. ആകെ 55 സീറ്റുകളാണ് ഈ മേഖലയിലുള്ളത്. ഇതില്‍ 15 സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ ബി ജെ പിക്ക് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇത്തവണ ഇവിടെ 30 ലേറെ സീറ്റുകളാണ് ബി ജെ പിയുടെ ലക്ഷ്യം.
19 അസംബ്ലി സീറ്റുകളുള്ളതും എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതുമായ ബെംഗളൂരു റൂറലിൽ പാർട്ടി ഇത്തവണ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിൽ 13-15 സീറ്റുകൾ നേടുകയാണ് ബി ജെ പി ലക്ഷ്യം. 28ൽ 14 സീറ്റുകൾ വിജയിച്ച ബെംഗളൂരു, 50ൽ 16 സീറ്റുകൾ നേടിയ വടക്കൻ കർണാടക എന്നിവയും ബി ജെ പിയുടെ മാസ്റ്റർ പ്ലാനിലുണ്ട്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ക്യാമ്പിലും ഒരുക്കങ്ങള്‍ സജീവമാണ്.