കെജിഎഫ് സീരീസിന് ശേഷം കന്നഡ സിനിമാ മേഖലയില്‍ നിന്ന് വന്‍ ഹിറ്റായി മാറിയ ‘കാന്താര’ നവംബര്‍ രണ്ടാം പകുതിയില്‍ ഒടിടിയില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം നവംബര്‍ 18ന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 310 കോടി രൂപയോളം നേടി. തുടക്കത്തില്‍ കന്നഡയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം കര്‍ണാടകയിലെ കെജിഎഫിന്‍റെ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയതായി രണ്ട് ചിത്രങ്ങളുടെയും നിര്‍മ്മാതാക്കളായ ഹോംബാലെ പ്രൊഡക്ഷന്‍സ് പറഞ്ഞു. മലയാളം ഉള്‍പ്പെടെയുള്ള മറ്റ് ഭാഷാ പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഹിന്ദി പതിപ്പ് 50 കോടി കടന്നപ്പോള്‍ മലയാളം പതിപ്പ് 10 കോടി രൂപ കടന്നു. റിഷബ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് മലയാളത്തിലെത്തിച്ചത്. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു.
മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതി; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്
തമിഴകത്തില്‍ മറ്റേതൊരു മലയാളി താരത്തേക്കാള്‍ ജനപ്രീതിയുണ്ട് മമ്മൂട്ടിക്ക്. മൗനം സമ്മതം എന്ന സിനിമയിലൂടെ തമിഴിൽ തിളങ്ങിയ മമ്മൂട്ടി, അഴകന്‍, ദളപതി, കിളിപ്പേച്ച് കേള്‍ക്കവാ, കണ്ടുകൊണ്ടേന്‍ കൊണ്ടുകൊണ്ടേന്‍, ആനന്ദം, പേരൻപ് തുടങ്ങി നിരവധി സിനിമകളിൽ ഭാഗമായി. ഇതില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ തമിഴ് സിനിമ വരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുമെന്നാണ് വിവരം. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠൻ ആണ് സിനിമ സംവിധാനം ചെയ്യുകയെന്നാണ് റിപ്പോർട്ട്. നവംബർ അവസാനത്തോടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ പേരൻപ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായിരിക്കും ഇത്.
അതേസമയം, കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. 12 വർഷത്തെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാതലിന് സ്വന്തമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫൽ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമകൾ.
റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിൽ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ദീൻ, ആസിഫ് അലി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.