മംഗ്ളുറു: കാര്‍വാര്‍-ബെംഗ്ളുറു ട്രെയിനിന്റെ എത്തിച്ചേരല്‍ സമയം 45 മിനിറ്റും കണ്ണൂര്‍-ബെംഗ്ളുറു ട്രെയിനിന്റെ എത്തിച്ചേരല്‍ സമയം 20 മിനിറ്റും കുറയ്ക്കാന്‍ സൗത് വെസ്റ്റേണ്‍ റെയില്‍വേ (എസ്‌ഡബ്ല്യുആര്‍) തീരുമാനിച്ചത് കാസര്‍കോട്ട് നിന്നടക്കം ബെംഗ്ളൂറിലേക്ക് ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ക്ക് ആഹ്ലാദം പകരുന്നു.ജൂണ്‍ ഒന്ന് മുതല്‍ പുതിയ സമയം നിലവില്‍ വരും. എന്നാല്‍ ഈ ട്രെയിനുകള്‍ മടങ്ങിയെത്തുന്ന സമയത്തിന് മാറ്റമില്ല.
ഇതോടെ മംഗ്ളൂറില്‍ നിന്ന് ബെംഗ്ളൂറിലേക്കുള്ള യാത്ര 10.20 മണിക്കൂറും കാര്‍വാറില്‍ നിന്ന് ബെംഗ്ളൂറിലേക്ക് 13.15 മണിക്കൂറുമായി ചുരുങ്ങും. ഹാസനും ശ്രാവണബലഗോളയ്ക്കും ഇടയില്‍ അടുത്തിടെ നടന്ന പാളം പുതുക്കല്‍ പണികള്‍, ഹാസന്‍-ബെംഗ്ളുറു സെക്ഷനിലെ ട്രെയിനുകളുടെ വേഗത വര്‍ധിക്കാന്‍ കാരണമായി. ഇതോടെയാണ് യാത്രാ സമയം കുറഞ്ഞത്.
എല്ലാ ദിവസവും രാവിലെ 6.50 ന് ബെംഗ്ളൂറില്‍ എത്തുന്ന മംഗ്ളുറു സെന്‍ട്രല്‍ വഴിയുള്ള 16512 നമ്ബര്‍ കണ്ണൂര്‍-ബെംഗ്ളുറു എക്സ്പ്രസ് ജൂണ്‍ ഒന്ന് മുതല്‍ 6.30 ന് ബെംഗ്ളൂറിലെത്തും. കണ്ണൂര്‍ വൈകീട്ട് 5.05, കാസര്‍കോട് 6.13, പുലര്‍ചെ 2.55-ന് ഹാസന്‍, 3.21-ന് ചന്നരായപട്ടണം, 3.31-ന് ശ്രാവണബലഗോള, 3.58-ന് ബാലഗംഗാധരനഗര്‍, 4.29-ന് കുനിഗല്‍, 6.04-ന് യശ്വന്ത്പൂര്‍ എന്നിങ്ങനെയാണ് സമയം.
മടക്കയാത്രയില്‍, ബെംഗ്ളൂറില്‍ നിന്ന് രാത്രി 9.30-ന് പുറപ്പെടുന്ന 16511 നമ്ബര്‍ ട്രെയിന്‍ ജൂണ്‍ ഒന്ന് മുതല്‍ രാത്രി 9.35-ന് ബെംഗ്ളുറു സിറ്റി സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. യശ്വന്ത്പൂര്‍ രാത്രി 9.47, കുനിഗല്‍ 10.45, ബാലഗംഗാധരനഗര്‍ 11.11, ശ്രാവണബെലഗോള 11.30, ചന്നരായപട്ടണ 11.46, ഹാസന്‍ 12.40, കാസര്‍കോട് രാവിലെ ഒമ്ബത്, കണ്ണൂര്‍ 10.55 എന്നിങ്ങനെയാണ് സമയം.
ട്രെയിന്‍ നം. 16596 കാര്‍വാര്‍-ബെംഗ്ളുറു പഞ്ചഗംഗ എക്സ്പ്രസ്, കെഎസ്‌ആര്‍ ബെംഗ്ളുറു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ രാവിലെ എട്ട് മണിക്ക് പകരം ജൂണ്‍ ഒന്ന് മുതല്‍ 7.15 ന് എത്തിച്ചേരും. രാവിലെ 6.45 ആണ് യശ്വന്ത്പൂരിലെ സമയം. മടക്കയാത്രയില്‍ ട്രെയിന്‍ നമ്ബര്‍ 16595 ബെംഗ്ളുറു-കാര്‍വാര്‍ പഞ്ചഗംഗ എക്സ്പ്രസ് കെഎസ്‌ആര്‍ ബെംഗ്ളുറു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6.45-ന് പകരം 6.50-ന് പുറപ്പെടും.