Home Featured ഐപിഎല്ലില്‍ ഇനി റോയല്‍ ചലഞ്ചേഴ്സ് ‘ബാംഗ്ലൂര്‍’ ഇല്ല, പകരം പുതിയൊരു പേര്, സൂചന നല്‍കി കന്നഡ സൂപ്പര്‍ താരം

ഐപിഎല്ലില്‍ ഇനി റോയല്‍ ചലഞ്ചേഴ്സ് ‘ബാംഗ്ലൂര്‍’ ഇല്ല, പകരം പുതിയൊരു പേര്, സൂചന നല്‍കി കന്നഡ സൂപ്പര്‍ താരം

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ 2008ലെ ആദ്യ സീസണ്‍ മുതല്‍ കളിക്കുന്ന ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നുമാണ് ആര്‍സിബി എന്ന ചുരുക്കപ്പേരില്‍ ആരാധകര്‍ വിളിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.2006 കര്‍ണാടക സര്‍ക്കാര്‍ ബാംഗ്ലൂര്‍ നഗരത്തിന്‍റെ പേര് ബെംഗലൂരു എന്നാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ആര്‍സിബി പേരിനൊരപ്പം ബാംഗ്ലൂര്‍ തന്നെ തുടര്‍ന്നു. 2006ല്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനമായത് 2014ല്‍ ആയിരുന്നു.

അതിനുശേഷം ഔദ്യോഗിക രേഖകളിലെല്ലാതം ബാംഗ്ലൂര്‍ നഗരത്തിന്‍റെ പേര് ബെംഗലൂരു ആയെങ്കിലും റോയല്‍ ചലഞ്ചേഴ്സില്‍ ഇതുവരെയും ബാംഗ്ലൂര്‍ തന്നെയായിരുന്നു ഇടം പിടിച്ചത്.എന്നാല്‍ ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ബെംഗലൂരു ആയേക്കുമെന്ന സൂചന നല്‍കി ടീം പുതിയ പ്രമോ വീഡിയോ പുറത്തിറക്കി. കന്നഡ സൂപ്പര്‍ താരം റിഷഭ് ഷെട്ടി മീശപിരിച്ച് നടന്നുവരുന്ന വീഡിയോയില്‍ റോയല്‍-ചലഞ്ചേഴ്സ്-ബാംഗ്ലൂര്‍ എന്ന് എഴുതിയ തുണികളിട്ട മൂന്ന് പോത്തുകളെ നിര്‍ത്തിയിരിക്കുന്നതും അവസാന പോത്തിന് അടുത്തെത്തി ഇത് വേണ്ടെന്ന് റിഷഭ് ഷെട്ടി പറയുന്നതുമാണ് പ്രമോഷണല്‍ വീഡിയോ.ടീമിന്‍റെ പേരിനൊപ്പം ബെംഗലൂരു എന്ന് ചേര്‍ക്കാന്‍ ഒടുവില്‍ ആര്‍സിബി തീരുമാനിച്ചതിന്‍റെ സൂചനയാണിതെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ 16 വര്‍ഷമായി കളിക്കുന്ന ആര്‍സിബിക്ക് ഇതുവരെ ഒരു തവണ പോലും കിരീടത്തില്‍ മുത്തമിടാനായിട്ടില്ല.

ഇത്തവണ പേര് മാറ്റിയാലെങ്കിലും ഭാഗ്യം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ഐപിഎല്ലില്‍ പേര് പരിഷ്കരിക്കുന്ന ആദ്യ ടീമൊന്നുമല്ല ആര്‍സിബി. കിംഗ്സ് ഇലവന്‍ പഞ്ചാബ് പിന്നീട് പഞ്ചാബ് കിംഗ്സായും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സായും മാറിയിട്ടുണ്ട്. ആര്‍ സി ബിയെപ്പോലെ ഈ രണ്ട് ടീമുകളും ഇതുവരെ പക്ഷെ ഐപിഎല്ലില്‍ ഒരു തവണ പോലും കിരീടം നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ആർസിബി സ്ക്വാഡ്: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), ഗ്ലെൻ മാക്സ്വെൽ, വിരാട് കോലി, രജത് പാടിദാർ, അനുജ് റാവത്ത്, ദിനേശ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വിൽ ജാക്സ്, മഹിപാൽ ലോംറോർ, കർൺ ശർമ, മനോജ് ഭണ്ഡാഗെ, മായങ്ക് ദാഗർ, വിജയ്കുമാർ ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്‌ലി, ഹിമാൻഷു ശർമ്മ, രാജൻ കുമാർ, കാമറൂൺ ഗ്രീൻ, അൽസാരി ജോസഫ്, യാഷ് ദയാൽ, ടോം കറൻ, ലോക്കി ഫെർഗൂസൻ, സ്വപ്നിൽ സിംഗ്, സൗരവ് ചൗഹാൻ.

You may also like

error: Content is protected !!
Join Our WhatsApp Group