കഴിഞ്ഞദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് കാസര്‍കോട് ജില്ലയിലെ കന്നഡ – തുളു ശൈലിയിലുള്ള അതിര്‍ത്തി പ്രദേശങ്ങളുടെ പേരുകള്‍ മലയാളത്തിലേക്ക് മാറ്റാന്‍ കേരള സര്‍കാര്‍ പദ്ധതിയിടുന്നു എന്നത്. ഇതിനെതിരെ ഒരുപാട് പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതില്‍ കേരളത്തിനകത്തും പുറത്തുമുള്ളവരും ഉള്‍പെടുന്നു.
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂപ്പ, എച്ച് ഡി കുമാരസ്വാമി തുടങ്ങിയവരെല്ലാം പേരുമാറ്റത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇരുവരും മുഖ്യമന്ത്രിയോട് പേര് മാറ്റരുത് എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
കാസര്‍കോട് ജില്ലയിലെ ഗ്രാമങ്ങളുടെ പേര് കന്നഡയില്‍ നിന്നു മലയാളത്തിലേക്കു മാറ്റരുതെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയതായി റിപബ്ലിക് ടിവി റിപോര്‍ട് ചെയ്തിരുന്നു. ‘കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളായ മഞ്ചേശ്വരം, കാസര്‍കോട് എന്നിവ മികച്ച പാരമ്ബര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. സ്ഥലപ്പേരു മാറ്റുന്നതു പ്രദേശവാസികള്‍ക്കു വൈകാരിക പ്രയാസമുണ്ടാക്കും. കന്നഡ, മലയാളം ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്കിടയിലെ ഐക്യം, സൗഹൃദം, സാഹോദര്യം എന്നിവയെ ബാധിക്കും’ എന്നും യെദ്യൂരപ്പ കത്തില്‍ അഭിപ്രായപ്പെട്ടു.
‘പ്രദേശവാസികള്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കാതെ, ചില ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമീപകാലത്തു ശ്രമിച്ചെന്നത് ആശ്ചര്യകരമാണ്. ഗ്രാമങ്ങളുടെ പേരുമാറ്റം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തും. വളരെക്കാലമായി നിലവിലുള്ള കന്നഡ, തുളു സംസ്‌കാരത്തെ നശിപ്പിക്കും’ എന്നും അദ്ദേഹം കത്തില്‍ പറയുന്നു.
സംസ്ഥാന സര്‍കാരിന് ഇതുസംബന്ധിച്ച് യാതൊരു ഉദ്ദേശ്യമില്ലെങ്കില്‍ പോലും ചില കേരള ഗ്രാമങ്ങളുടെ പേരുകള്‍ കന്നഡയില്‍ നിന്നു മലയാളത്തിലേക്കു മാറ്റാനുള്ള തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി എടുത്തേക്കാം. കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും ഗ്രാമങ്ങളുടെ പേരു മാറ്റാനുള്ള തീരുമാനം പുനരാലോചിക്കണമെന്നും അദ്ദേഹം പിണറായിയോടു കത്തിലൂടെ അഭ്യര്‍ഥിച്ചു.
പേരുമാറ്റം തടയണമെന്നാവശ്യപ്പെട്ടു കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമിയും പിണറായി വിജയനു കത്തെഴുതിയിട്ടുണ്ട്. കന്നഡ പേരുകള്‍ നിലനിര്‍ത്തണമെന്നാണ് കുമാരസ്വാമിയുടെ ആവശ്യം. കാസര്‍കോടിന്റെ ഭാഷാ തനിമ നിലനിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ണാടകയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥലമാണ് കാസര്‍കോട്. കര്‍ണാടകയ്ക്കും കന്നഡിഗര്‍ക്കും കാസര്‍കോട്ടെ ജനങ്ങളുമായി സാംസ്‌കാരികമായ ബന്ധമുണ്ട്. ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് കാസര്‍കോട്. കന്നഡയും മലയാളവും സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കാസര്‍കോട്ട് തുല്യമാണെങ്കിലും അവര്‍ വളരെ ഐക്യത്തോടെയാണ് കഴിയുന്നത്. ഭാഷാപ്രശ്‌നത്തിന്റെ പേരില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ല.
വികാരങ്ങളെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്ന ഇക്കാലത്ത് ഈ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അവിടെ ജീവിക്കുന്ന കന്നഡിഗരുടെ പാരമ്ബര്യം കാത്തുസൂക്ഷിക്കാന്‍ കര്‍ണാടകയ്ക്കും കേരളത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ സ്ഥലങ്ങളുടെ പേരുകള്‍ മലയാളവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കേരള സര്‍കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും കുമാരസ്വാമി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തു.
അതേസമയം, ചില സ്ഥലങ്ങളുടെ പേരു മാറ്റാന്‍ ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ കേരളം നിഷേധിച്ചു. ‘വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്’ എന്നായിരുന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്റെ ഓഫിസ് വാര്‍ത്താഏജന്‍സി പിടിഐയോടു പ്രതികരിച്ചത്.
ഇത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള നീക്കങ്ങളും സര്‍കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സംസ്ഥാനത്തെ വിവിധ ഭരണകൂടങ്ങള്‍ വ്യക്തമാക്കുന്നു. പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ഫയലോ നിവേദനമോ പോലും ഇല്ലെന്ന് കാസര്‍കോട് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മധൂരിന്റെ പേര് മാറ്റാന്‍ നിര്‍ദേശമില്ലെന്ന് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍കൃഷ്ണ കെ പറഞ്ഞതായി ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു. ‘സര്‍കാര്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ല, പേര് മാറ്റാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാറഡുക്കയുടെ പേരും മാറ്റാന്‍ നിര്‍ദേശമോ ഉദ്ദേശമോ ഇല്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജനനിയും പറഞ്ഞു.
തുളു – കന്നഡ ശൈലിയിലുള്ള മഞ്ചേശ്വര (മഞ്ചേശ്വരം), ബേഡഡുക്ക (ബേഡകം), കാറട്ക്ക (കാഡഗം), മധൂരു (മധൂര്‍), മല്ല (മല്ലം), ഹൊസ്ദുര്‍ഗ (പുതിയകോട്ട), കുംബ്ലെ (കുമ്ബള), പിലികുഞ്ചെ (പുലികുന്ന്), ആനേബാഗിലു (ആനേബാഗില്‍), നെല്ലികിഞ്ജ (നെല്ലിക്കുന്ന്), ശശിഹിത് ലു (തൈവളപ്പ്) എന്നിങ്ങനെ മലയാളത്തിലേക്ക് (ബ്രാകറ്റില്‍) മാറ്റാനാണ് സര്‍കാര്‍ നീക്കമെന്നായിരുന്നു റിപോര്‍ടുകള്‍.
സര്‍കാര്‍ ഏജന്‍സിയായ കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റി ആരംഭിച്ച വ്യാജ വര്‍ത്തയാണ് ഇതെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രം റിപോര്‍ട് ചെയ്തു. ജൂണ്‍ 25 ന് അതോറിറ്റി സെക്രടറി പ്രകാശ് മട്ടിഹള്ളി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളുടെ പേരുകള്‍ കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പേരുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ കേരള സര്‍കാര്‍ ആരംഭിച്ചുവെന്നും ഇതില്‍ പറഞ്ഞിരുന്നു.
ജനങ്ങളുമായി യാതൊരു ആലോചനയും നടത്താതെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതായി അതോറിറ്റി ചെയര്‍മാന്‍ സി സോമശേഖര പറഞ്ഞു. കാസര്‍കോട് ജില്ലാ ഭരണകൂടവുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ബന്ധപ്പെടാതെ മാധ്യമങ്ങള്‍ ഇത് റിപോര്‍ട് ചെയ്തു. അതിനിടെ സോമശേഖര കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കണ്ട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടു.
പേരുകള്‍ മാറ്റുന്നത് തടയാന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കണമെന്ന് മൈസൂറു എംപി പ്രതാപ് സിംഹ ട്വീറ്റില്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച് ഡി കുമാരസ്വാമിയും രംഗത്തെത്തി. കാസര്‍കോടിന്റെ ഭാഷാ തനിമ നിലനിര്‍ത്തണമെന്ന് കുമാരസ്വാമിയും ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ കാസര്‍കോട് ജില്ലാ ബിജെപി നേതൃത്വവും ഈ സംഭവത്തിന്റെ പേരില്‍ സംസ്ഥാന സര്‍കാരിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നു. മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധൂറിന്റെ ഉള്‍പെടെയുള്ള സ്ഥലനാമങ്ങള്‍ മാറ്റുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു.
കാസര്‍കോടിന്റെ സ്വത്തമടങ്ങുന്ന സ്ഥലനാമങ്ങള്‍ മാറ്റുമ്ബോള്‍ വൈദേശിക സാംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമായി ആസൂത്രിതമായി മാറ്റിയിട്ടുള്ള അറബിക് സ്ഥലനാമങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന നടപടിയാണ് സംസ്ഥാന സര്‍കാരിന്റേതെന്നും പിണറായി സര്‍കാരിന്റെ ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കാര്യങ്ങള്‍ ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും തള്ളിയതോടെ ജില്ലാ നേതൃത്വവും വെട്ടിലായി.
ഏതെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇത് പോലെയുള്ള തീരുമാനം ഉണ്ടായിരുന്നുവോ എന്ന കാര്യം വ്യക്തമല്ല. ഔദ്യോഗികമായി സര്‍കാരിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കം ഉണ്ടായതായി അറിവില്ല. അതിനിടെയാണ് പ്രസ്താവനയുമായി കര്‍ണാടക നേതാക്കള്‍ രംഗത്തുവന്നത്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്ടെ അനവധി കന്നഡ സംസാരിക്കുന്നവരുടെ ഐക്യത്തെ തകര്‍ക്കുന്ന നടപടികളൊന്നും ഭരണകൂടം എടുത്തിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കര്‍ണാടകയില്‍ കാസര്‍കോട്ടെ സ്ഥലപ്പേരുകള്‍ മാറ്റുന്നത് സംബന്ധിച്ച് നടന്ന വിവാദങ്ങളെല്ലാം കേരളത്തില്‍ ഇല്ലാത്ത തീരുമാനങ്ങളുടെ പേരിലാണെന്നതാണ് വസ്തുത.