ബെംഗ്ളുറു കന്നഡക്കാരുടേതാണെന്ന് അവകാശപ്പെടുന്ന എക്സ് പോസ്റ്റ് വൈറലായതിന് പിന്നാലെ, ബെംഗ്ളൂറിലെ ‘പുറത്തുനിന്നുള്ളവർ-അകത്ത് നിന്നുള്ളവർ’ എന്ന ചർച്ച വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി.പോസ്റ്റ് എക്സില്‍ വലിയ പ്രതിഷേധം ഉണ്ടാക്കി, നിരവധി ടെക്കികളും സംരംഭകരും എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളും ഈ ചൂടുപിടിച്ച ചർച്ചയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു.
മഞ്ജു എന്ന ഉപയോക്താവ് തന്റെ എക്സ് പോസ്റ്റില്‍ ബെംഗളൂരിലേക്ക് എത്തുന്ന എല്ലാവരും കന്നഡ സംസാരിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ അത് സംസാരിക്കാൻ ശ്രമിക്കുന്നില്ലെങ്കില്‍ അവർ ബംഗളൂരില്‍ നിന്ന് പുറത്തുള്ളവരായി കണക്കാക്കപ്പെടുമെന്ന് കുറിച്ചു. ഇത് തമാശയല്ലെന്നും എല്ലാവരുമായും പങ്കിടണമെന്നും പോസ്റ്റില്‍ പറയുന്നു. ബംഗളൂരു കന്നഡികളുടേതാണെന്നും മറ്റ് ഭാഷകള്‍ ഐടി നഗരത്തില്‍ സ്വീകാര്യമാകില്ലെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.സോഷ്യല്‍ മീഡിയ പോസ്റ്റിന് വലിയ പ്രതികരണം ലഭിച്ചു. പലരും പോസ്റ്റിന്റെ ഉള്ളടക്കത്തെ വിമർശിച്ചപ്പോള്‍, ചിലർ അതിനോട് യോജിച്ചു. ടെക്കി ശ്രീസ്റ്റി ശർമ്മ ഇങ്ങനെ പ്രതികരിച്ചു: ‘ബെംഗളൂരു ഇന്ന് നമ്മുടെ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു.
പ്രാദേശിക സംസ്കാരത്തെ ബഹുമാനിക്കുന്നത് നല്ലതാണ്, എന്നാല്‍ അതിനെ മാത്രം മികച്ചതായി കാണുന്നത് അംഗീകരിക്കാനാവില്ല’.നമ്മുടെ പ്രാദേശിക ഭാഷകളെ ആദരിക്കുന്നത് നല്ലതാണ്. എന്നാല്‍ ഭാഷയുടെ പേരില്‍ ആളുകളെ വേർതിരിക്കുന്നത് നല്ലതല്ല. ബെംഗളൂരു എല്ലാവരെയും സ്വീകരിക്കുന്ന ഒരു നഗരമാണ്. നമുക്ക് വൈവിധ്യത്തെ ആഘോഷിക്കാം, തടസങ്ങള്‍ ഉണ്ടാക്കരുത്’, ശിവ എന്ന മറ്റൊരു ഉപയോക്താവ് എഴുതി.അതേസമയം ബംഗളൂരുവിലെ ജീവിതം കൂടുതല്‍ സുഗമമാക്കാൻ ചിലർ കന്നഡ പഠിക്കാൻ ഉപദേശിച്ചു. ‘ഐബിഎമ്മില്‍ ജോലി ചെയ്തപ്പോള്‍ ബംഗളൂരുവില്‍ നാല് മാസം മാത്രം താമസിച്ചിരുന്നു.
ചെവി തുറന്നിട്ട് ആളുകളുമായി കന്നഡ സംസാരിക്കാൻ തുടങ്ങി, ഒരു ഇംഗ്ലീഷ്-കന്നഡ പോക്കറ്റ് നിഘണ്ടു കൂടെ കൊണ്ടുനടന്നു, ജീവിതം എളുപ്പത്തില്‍ മുന്നോട്ടുപോയി’, ഒരാള്‍ കുറിച്ചു.കന്നഡ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രിയങ്ക ലാഹ്‌രി എന്ന ഫിറ്റ്‌നസ് കോച്ച് പറഞ്ഞു. ‘ഞാൻ ബംഗളൂരുവില്‍ എട്ട് വർഷമായി താമസിക്കുന്നു. കന്നഡ ഭാഷ എനിക്ക് പഠിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, ഭാഷ കാരണം ഒരിക്കലും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇവിടുത്തെ ആളുകള്‍ വളരെ സൗഹാർദ്ദപരവും സ്വീകാര്യരുമാണ്. എന്റെ പ്രതീക്ഷകളെക്കാള്‍ നല്ല ആളുകളാണ് എനിക്ക് ഇവിടെ കണ്ടുമുട്ടാൻ കഴിഞ്ഞത്.
നല്ല മനസ്സുള്ള നിരവധി കന്നഡക്കാരും അവിടെയുണ്ട്’, അവർ എഴുതി.ഐടി നഗരം എന്നറിയപ്പെടുന്ന ബെംഗളൂരു ഒരു വൈവിധ്യമാർന്ന നഗരമാണ്, ഇവിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒത്തുചേരുന്നു. ഈ വൈവിധ്യമാണ് നഗരത്തിന്റെ ശക്തിയും. എന്നാല്‍, ഈ വൈവിധ്യത്തിനുള്ളില്‍, പ്രാദേശിക ഭാഷയും സംസ്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകള്‍ ഉയർന്നുവരികയാണ്. ബെംഗളൂരുവില്‍ ജീവിക്കുന്ന എല്ലാവരും നഗരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും സംഭാവന ചെയ്യുന്നു. ഓരോ വ്യക്തിക്കും തങ്ങളുടെ സ്വന്തം സംസ്കാരവും ഭാഷയും സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം.