ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴും കന്നഡയിൽ അനൗൺസ്മെന്റ് നടത്തണമെന്ന ആവശ്യവുമായി കന്നഡ സാഹിത്യപരിഷത്ത്. വിമാനങ്ങൾ പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴുമുള്ള ആദ്യത്തെ അനൗൺസ്മെൻ്റ് കന്നഡയിൽ നൽകണമെന്നാണ് ആവശ്യം.നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് അനൗൺസ്മെന്റ്. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എം.ഡി. ഹരി മാരാരോട് ഇക്കാര്യം പറഞ്ഞതായി സാഹിത്യപരിഷത്ത് അധ്യക്ഷൻ മഹേഷ് ജോഷി അറിയിച്ചു.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തെഴുതുമെന്നും കന്നഡഭാഷയെ പരിപോഷിപ്പിക്കാനാണിതെന്നും മഹേഷ് ജോഷി പറഞ്ഞു.കന്നഡ രാജ്യോത്സവ(കർണാടകപ്പിറവി)ദിനമായ നവംബർ ഒന്നിന് പരിഷ്കാരം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.കന്നഡ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ മരുന്നുകുറിപ്പ് കന്നഡയിലെഴുതണമെന്നത് നിർബന്ധമാക്കാൻ അടുത്തിടെ കന്നഡ വികസന അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രായോഗികമല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
അതിനിടെ, ഡിസംബർ 20 മുതൽ 22 വരെ മാണ്ഡ്യയിൽനടക്കുന്ന 87-ാമത് കന്നഡ സാഹിത്യ സമ്മേളനവുമായി സഹകരിക്കാൻ വിമാനത്താവളം അധികൃതർ തീരുമാനിച്ചു.സമ്മേളനത്തിനെത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള റിസപ്ഷൻ ഡെസ്ക് വിമാനത്താവളത്തിൽ സ്ഥാപിക്കും.ഫോട്ടോ ബൂത്തും കന്നഡയിലുള്ള ഡിജിറ്റൽ ബോർഡും സ്ഥാപിക്കുമെന്ന് കന്നഡ സാഹിത്യപരിഷത്തിന് ഉറപ്പുനൽകിയതായി ബി.എ.ഐ.എൽ. അറിയിച്ചു.
മകന്റെ പിറന്നാള്‍ ആഘോഷത്തിനിടെ യുവതിക്ക് ഹൃദയാഘാതം, പിന്നാലെ ദാരുണാന്ത്യം
മകന്റെ പിറന്നാള്‍ ആഘോഷത്തിനിടെ ഹൃദയാഘാതം സംഭവിച്ച് യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വല്‍സാദിലുളള റോയല്‍ ഷെല്‍ട്ടർ എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്.യുവതി കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയും കുടുംബവും മകന്റെ അഞ്ചാമത് പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.
പുറത്തുവന്ന ദൃശ്യങ്ങളില്‍ ആഘോഷത്തില്‍ നൃത്തം ചെയ്യുന്ന കുടുംബാംഗങ്ങളെയും കുഞ്ഞുമായി നില്‍ക്കുന്ന യുവതിയെയും കാണാം. സ്റ്റേജിലേക്ക് ഭർത്താവ് എത്തിയതോടെ യുവതി കുഞ്ഞിനെ ഏല്‍പ്പിക്കുകയും നിമിഷങ്ങള്‍ക്കുളളില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഇതോടെ ബന്ധുക്കളും ഹോട്ടല്‍ അധികൃതരും ഓടിക്കൂടുകയും യുവതിയെ അടുത്തുളള ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പിന്നാലെയാണ് യുവതി മരിച്ചെന്ന വിവരം പുറത്തുവന്നത്.