ബെംഗളൂരു : മഹാരാഷ്ട്ര, കർണാടക അനുകൂലികൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന ബെളഗാവിയിലെ ഖാനാപൂരിൽ കന്നഡ പതാക കത്തിച്ചതിന് 3 പേർ അറസ്റ്റിൽ. ഹലാശി ഗ്രാമ പഞ്ചായത്ത് വളപ്പിലെ പതാക ഞായറാഴ്ച രാത്രിയാണ് അഗ്നി ക്കിരയാക്കിയത്. സഞ്ജു ഗൗരവ്, ഗണേഷ് കൃഷ്ണാജി പട്ക്കർ, സച്ചിൻ ഗൗരവ് എന്നിവരെ നന്ദ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു.
മറാഠ സംസാരിക്കുന്നവർ ഭൂരി പക്ഷമുള്ള ബൈളഗാവിയെ മഹാരാഷ്ട്രയോടു ചേർക്കണമെന്ന ആവശ്യവുമായി രംഗത്തുള്ള മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്) കഴിഞ്ഞ 14ന് ബന്ദ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അന്ന് കോലാപൂരിൽ കന്നഡ പതാക കത്തിച്ചതാണ് ബെംഗളുരുവിൽ ശിവാജി പ്രതിമയിൽ കന്നഡ അനുകൂല സംഘടനകൾ കരിമഷി ഒഴിച്ചതിനും ബെളഗാവിയിൽ സംഗൊള്ളി രായണ്ണ പ്രതിമ എംഇഎസ്, ശിവസേന പ്രവർത്തകർ ചേർന്ന് തകർത്തതിനും വഴിയൊരുക്കിയത്. ഇതേത്തുടർന്നുള്ള നിരോധനാകഞ്ജ ബെളഗാവിയിൽ തുടരുകയാണ്. ഈ സംഭവങ്ങളിലായി 38 പേരാണ് ഇതേവരെ അറസ്റ്റിലായത്.
ധീരദേശാഭിമാനികളുടെ പ്രതിമകളും മറ്റും തകർക്കുന്നവർക്കെതിരെ രാജ്യദ്രോഹ, വഞ്ചനാ കുറ്റങ്ങൾ ചുമത്തി ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മു അറിയിപ്പു നൽകി. ഇവരാരും ജാതിയുടെയോ സമുദായത്തിന്റെയോ പ്രതിനിധികളല്ല. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. എംഇഎസിനെ നിരോധിക്കണമെന്ന ആവശ്യം സർക്കാർ സജീവമായി പരിഗണിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, സംഗൊള്ളി രായണ്ണ പ്രതിമ തകർക്കുന്നവരെയും കന്നഡ പതാക കത്തിക്കുന്നവരെയും വെടിവച്ചു കൊല്ലണമെന്ന് മന്ത്രി കെ.എസ്.ഈശ്വരപ്പ നിയമ സഭയിൽ ആവശ്യപ്പെട്ടു