ബെംഗളൂരു: രേണുകാസ്വാമി(33) വധക്കേസിൽ പ്രതിയായ കന്നഡ സൂപ്പർ താരം ദർശന് ബെംഗളൂരു ജയിലിൽ വിഐപി പരിഗണനയെന്ന് സൂചന.കഴിഞ്ഞദിവസം താരം പുൽത്തകിടിയിൽ കസേരയിട്ടിരുന്ന് മറ്റ് മൂന്ന് പേരുമായി ചേർന്ന് സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ഇതിനു പിന്നാലെ നടൻ വീഡിയോകോൾ ചെയ്ത ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്.മഞ്ഞ ടീ-ഷർട്ട് ധരിച്ച ഒരാൾ വീഡിയോ കോളിൽ മറ്റൊരാളുമായി സംസാരിക്കുന്നതും പിന്നീട് ദർശനുമായി ആശയവിനിമയം നടത്തുന്നതും കാണാം.25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ താരം കർട്ടനുകളുള്ള, നല്ല വെളിച്ചമുള്ള മുറിയിലാണ് ഇരിക്കുന്നത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രേണുകസ്വാമിയുടെ പിതാവ് രംഗത്തെത്തി.പ്രതിഷേധം വ്യാപകമായതോടെ ജയിൽ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.പരപ്പന അഗ്രഹാര ജയിലിൽ പരിശോധന നടത്താനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഡയറക്ടർ ജനറൽ പ്രിസൺസ് മാലിനി കൃഷ്ണ മൂർത്തി ഉത്തരവിട്ടു.
കന്നഡ നടിയും ദർശൻറെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചതിൻറെ പശ്ചാത്തലത്തിൽ ദർശൻ ഇയാളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി എന്നതാണ് കേസ്.ജൂൺ എട്ടിനാണ് ബെംഗളൂരുവിൽ രേണുകസ്വാമി അതി ദാരുണമായി കൊല്ലപ്പെട്ടത്.കേസിൽ ദർശനും പവിത്രയുമടക്കം 17 പ്രതികളാണുള്ളത്.