ബെംഗളൂരു : ബെംഗളൂരുവിൽ ആദ്യമായി സംഘടിപ്പിക്കുന്ന കമ്പള മത്സരം കാണാൻ ഞായറാഴ്ചയും പാലസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. മണലും വെള്ളവുമുപയോഗിച്ച് തയ്യാറാക്കിയ ട്രാക്കിൽ പോത്തുകൾ മത്സരിച്ചോടിയപ്പോൾ ആർത്തുവിളിച്ചാണ് കാണികൾ എതിരേറ്റത്.സിനിമാതാരം പൂജ ഹെഗ്ഡെ ഉൾപ്പെടെയുള്ളവരും മത്സരം കാണാനെത്തി. ജനത്തിരക്ക് നിയന്ത്രിക്കാൻ സംഘാടകരും ഏറെ ബുദ്ധിമുട്ടി.തുളുനാട്ടിൽമാത്രം കാണാറുള്ള കമ്പള നഗരത്തിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്. കമ്പളയെ കൂടുതൽ ജനകീയമാക്കുകയാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.
രണ്ടുദിവസംകൊണ്ട് 175-ഓളം ജോഡി പോത്തുകൾ കമ്പളയിൽ പങ്കെടുത്തു. മാസങ്ങൾനീണ്ട പരിശീലനങ്ങൾക്കൊടുവിലായാണ് ഇവയെ മത്സരത്തിന് ട്രാക്കുകളിലേക്ക് ഇറക്കുന്നത്. പ്രത്യേക പരിശീലനം നേടിയവരാണ് പോത്തോട്ടത്തെ നിയന്ത്രിക്കുന്നതും. പോത്തുകളെ നിയന്ത്രിക്കുന്നവരുടെ കഴിവാണ് മത്സരത്തിന്റെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. കമ്പളയുടെ ഭാഗമായി പാലസ് ഗ്രൗണ്ടിൽ കരകൗശലവസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, സ്പീക്കർ യു.ടി. ഖാദർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം പാലസ് ഗ്രൗണ്ടിലെത്തിയിരുന്നു. രണ്ടുദിനം നീണ്ട ‘നമ്മ കമ്പള’ ഞായറാഴ്ച സമാപിച്ചു.
ജെല്ലിക്കെട്ടും കമ്പളയും സംരക്ഷിക്കണമെന്ന് തേജസ്വി സൂര്യ:ജെല്ലിക്കെട്ട്, കമ്പള ഉൾപ്പെടെയുള്ള സനാതനധർമത്തിന്റെ ഭാഗമായ മത്സരങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് തേജസ്വി സൂര്യ എം.പി. പരമ്പരാഗതമായ ഇത്തരം മത്സരങ്ങൾ തടസ്സപ്പെടുത്താൻ ചിലർ പ്രത്യേക അജൻഡയോടെ പ്രവർത്തിക്കുകയാണ്. മത്സരങ്ങൾക്കെതിരേ കോടതിയെ സമീപിക്കുന്നത് ഈ താത്പര്യങ്ങൾ നടപ്പാക്കാൻവേണ്ടിയാണെന്നും തേജസ്വി സൂര്യ പറഞ്ഞു. പാലസ് ഗ്രൗണ്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വണ്ടി ചെക്ക് കേസ്; റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം
റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. വണ്ടി ചെക്ക് കേസിലാണ് ഗിരീഷിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടില്‍ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.2011 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുൻപുള്ള കേസില്‍ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നല്‍കാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നാണ് കുടുംബത്തിൻ്റെ വാദം. മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റോബിൻ ബസിന്റെ സര്‍വീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസില്‍ പൊലീസിന്റെ നടപടി. ഇതിന് പിന്നില്‍ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്ന് ഗിരീഷിന്റെ ഭാര്യ നിഷ പ്രതികരിച്ചു.