ബെംഗളൂരു : സ്പോർട്‌സ് അതോറിറ്റി ഓഫ്ഇന്ത്യയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ഖേലോ ഇന്ത്യ കളരിപ്പയറ്റ് ദേശീയലീഗ് (അണ്ടർ -18) മത്സരത്തിൽ കർണാടക ടീം രണ്ടാംസ്ഥാനം നേടി. തിരുവനന്തപുരം സായ് എൽഎൻസിപി കോളേജിലാണ് മത്സരം നടന്നത്. 16 സംസ്ഥാനങ്ങളിൽനിന്നുള്ള 124 ജൂനിയർ താരങ്ങൾ എട്ട് പ്രധാന കളരിപ്പയറ്റ് ഇനങ്ങളിലാണ് മാറ്റുരച്ചത്. 14 താരങ്ങളടങ്ങിയ സംഘമാണ് കർണാടകയെ പ്രതിനിധീകരിച്ചത്.
വ്യക്തിഗതവും ടീം ഇനങ്ങളിലുമായി മത്സരിച്ച കർണാടകയ്ക്ക് മൂന്ന് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ആകെ ആറുമെഡലുകൾ ലഭിച്ചു.വിവിധഇനങ്ങളിലായി എച്ച്. ധാത്രി, പ്രാണിക രാജിനി, സി. കാർത്തിക എന്നിവർ സ്വർണമെഡൽ നേടി. ഹരിണി മുസുവത്തി, സുഭാഷിണി ഉമാശങ്കർ, ശ്രീദേവി ശ്രീജിത്, വേദ അജികുമാർ എന്നിവർ വെള്ളിമെഡലുകളും നേടി. ചടങ്ങിൽ സായ് എൽഎൻസിപി കോളേജ് പ്രിൻസിപ്പൽ ഡോ. പ്രദീപ് ദത്ത വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സായ് ആർ.സി. മേഖലാ മേധവി ഡോ. ശരത് ചന്ദ്ര യാദവ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി വർഷ സബാലെ മുഖ്യപ്രഭാഷണം നടത്തി.