ബെംഗളൂരു: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പൂർണമായി പരാജയപ്പെട്ടെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ആരോപിച്ചു. ബെലഗാവിയിൽ പട്ടികവർഗവിഭാഗത്തിൽപ്പെട്ട വീട്ടമ്മയെ നഗ്നയാക്കി നടത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ആരോപണം. ഇതിനെതിരായി ബി.ജെ.പി.യുടെ സമരം തുടരുമെന്നും നഡ്ഡ എക്സിൽ കുറിച്ചു.ബെലഗാവി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബി.ജെ.പി. ചുമതലപ്പെടുത്തിയ അഞ്ചംഗ വനിതാ എം.പി.മാരടങ്ങിയ വസ്തുതാന്വേണസംഘം നൽകിയ റിപ്പോർട്ട് സ്വീകരിച്ചശേഷമാണ് അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്തിയത്.
ബെലഗാവിയിലെ ആശുപത്രിയിലെത്തി വീട്ടമ്മയോട് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണ് കൈമാറിയത്.വീട്ടമ്മയ്ക്കെതിരേയുണ്ടായ ഹീനമായ അതിക്രമം ദേശീയശ്രദ്ധയിൽ കൊണ്ടുവന്ന് കോൺഗ്രസിനെതിരേ ആയുധമാക്കി മാറ്റാനാണ് ബി.ജെ.പി.യുടെ ശ്രമം.കഴിഞ്ഞ 11-ന് പുലർച്ചെ ഒന്നോടെയാണ് ഹൊസമുണ്ട്മുറി സ്വദേശിനിയായ 42-കാരിയെ ഒരുസംഘമാളുകൾ നഗ്നയാക്കി റോഡിലൂടെ നടത്തി വൈദ്യുതത്തൂണിൽ കെട്ടിയിട്ടത്. സ്ത്രീയുടെ മകൻ ഒരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ 11 പേരെ പോലീസ് അറസ്റ്റുചെയ്തു.