Home Featured പേരുമാറ്റം തുടരുന്നു; ജിം കോര്‍ബറ്റ്​ ദേശീയോദ്യാനം ഇനി​ രാംഗംഗ

പേരുമാറ്റം തുടരുന്നു; ജിം കോര്‍ബറ്റ്​ ദേശീയോദ്യാനം ഇനി​ രാംഗംഗ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ​ജിം കോര്‍ബറ്റ്​ ദേശീയോദ്യാനത്തിന്‍റെ പേര്​ രാംഗംഗ ദേശീയോദ്യാനം എന്നാക്കി മാറ്റുന്നു. ടൈഗര്‍ റിസര്‍വ്​ ഡയരക്​ടര്‍ ബുധനാഴ്ചയാണ്​​ ഇക്കാര്യം അറിയിച്ചത്​.

‘ഒക്ടോബര്‍ മൂന്നിന് ജിം കോര്‍ബറ്റ് ദേശീയോദ്യാനം സന്ദര്‍ശിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അശ്വനി കുമാര്‍ ചൗബെ ദേശീയോദ്യാനത്തിന്‍റെ പേര് രാംഗംഗ ദേശീയോദ്യാനം എന്ന് മാറ്റുമെന്ന് പറഞ്ഞു’-ജിം കോര്‍ബറ്റ്​ ദേശീയോദ്യാനം ഡയരക്​ടറെ ഉദ്ധരിച്ച്‌​ എ.എന്‍.ഐ റിപ്പോര്‍ട്ട്​ ചെയ്​തു.

രാംനഗര്‍ സന്ദര്‍ശനവേളയില്‍ പ്രദേശത്തെ ദേല റെസ്​ക്യൂ സെന്‍ററില്‍ ടൈഗര്‍ സഫാരി തുടങ്ങുമെന്നും ചൗബേ പ്രഖ്യാപിച്ചു. നിര്‍ദേശം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളില്‍ ദേശീയോദ്യാനത്തിന്​ പുറത്തേക്ക്​ മാറ്റി പാര്‍പ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ ഉദ്യാനത്തിനുള്ളില്‍ വസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് വൈദ്യുതി, വെള്ളം, മറ്റ്​ സൗകര്യങ്ങള്‍ തുടങ്ങിയ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണെന്ന്​ ചൗബേ പറഞ്ഞു.

നരഭോജികളായ അനേകം വന്യമൃഗങ്ങളെ കൊന്നൊടുക്കുകയും കാലാന്തരത്തില്‍ വന്യജീവി സംരക്ഷണ പ്രചാരകനുമായിത്തീര്‍ന്ന ലോക പ്രശസ്ത നായാട്ടുകാരനാണ് എഡ്വേര്‍ഡ് ജിം കോര്‍ബറ്റ് എന്ന ജിം കോര്‍ബറ്റ്. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം 1936ല്‍ ഹെയ്​ലി ദേശീയോദ്യാനം എന്ന പേരില്‍ കുമയൂണ്‍ ഹില്‍സില്‍ യാഥാര്‍ഥ്യമാക്കിയതിന് പിന്നിലും കോര്‍ബറ്റാണ്. 1957ല്‍ ഈ പാര്‍ക്കിന് ഇദ്ദേഹത്തിന്‍റെ സ്മരണാര്‍ഥം ജിം കോര്‍ബറ്റ് ദേശീയോദ്യാനം എന്ന് പേരു നല്‍കുകയായിരുന്നു.

ജിം കോര്‍ബറ്റ് ദേശീയോദ്യാനം 520 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. കടുവകള്‍ക്ക് അനുയോജ്യമായ ആവാസ കേന്ദ്രമായ ഇവിടെ കുന്നുകള്‍, ചതുപ്പുനിലങ്ങള്‍, പുഴയോര മേഖലകള്‍, പുല്‍മേടുകള്‍, ഒരു വലിയ തടാകം എന്നിവ ഉള്‍പ്പെടുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group