ബെംഗളൂരു:കബ്ബൺ പാർക്കിലെ കുട്ടികളുടെ ഉല്ലാസകേന്ദ്രമായ ജവഹർ ബാൽ ഭവൻ ഒന്നരവർഷത്തിനുശേഷം ശനിയാഴ്ച തുറക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങളുടെ 90 ശതമാനം മാത്രമാണ് പൂർത്തിയായത്.
കുട്ടികളുടെ കളിസ്ഥലം, തടാകത്തിനു കുറുകയുള്ള പാലം, കളി തീവണ്ടി ഉൾപ്പെടെയുള്ളവയുടെ നവീകരണം പൂർത്തിയാക്കി അടുത്തമാസം രണ്ടാംവാരത്തോടെയാകും പാർക്ക് പൂർണമായും തുറക്കുകയെന്ന് ബാൽ ഭവൻ ചെയർപഴ്സൻ ബി. ചിക്കമ്മ പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് 17.5 കോടി രൂപയാണ് ചെലവ്.