പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളിൽ തരംഗം തീർത്ത ജനഗണമന ഒ.ടി.ടി റീലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണാവകാശം നേടിയത് നെറ്റ്ഫ്ലിക്‌സിനാണ്.
ചിത്രം ജൂൺ 2 മുതൽ നെറ്റ്‌ഫ്ലിക്‌സിൽ സ്‌ട്രീം ചെയ്യും. മലയാളം , തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. എപ്രിൽ 28ന് തിയേറ്ററുകളിൽ റിലീസിനെത്തിയ ജനഗണമന 25 ദിവസം കൊണ്ട് അൻപത് കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഷാരിസ് മുഹമ്മദ് ആണ് തിരക്കഥ ഒരുക്കിയത്.മംമ്‌ത മോഹൻദാസ്, ശ്രീദിവ്യ, ധ്രുവൻ, ശാരി, രാജ കൃഷ്‌ണമൂർത്തി, പശുപതി, വിൻസി അലോഷ്യസ്, മിഥുൻ, ഹരികൃഷ്‌ണൻ, വിജയകുമാർസ വൈഷ്‌ണവി വേണുഗോപാൽ, ചിത്ര അയ്യർ, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രണ്ടുഭാഗങ്ങളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടാംഭാഗം ഉടൻ പുറത്തിറങ്ങും.